എറണാകുളം: ക്രൈംബ്രാഞ്ച് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ഏജന്‍സിയായ ഇ.ഡിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ ഇ.ഡിയുടെ പ്രധാന വാദം. എന്നാല്‍ ഇ.ഡിക്കെ് ഗൂഢലക്ഷ്യമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പ്രതികളിൽ സമ്മർദം ചെലുത്തിയ സംഭവം ഗൗരവമേറിയതാണെന്നും ക്രൈംബ്രാഞ്ച് ചൂണ്ടികാണിക്കുന്നു.
ഇ.ഡിക്കെതിരായ രണ്ടു കേസുകൾ വ്യത്യസ്‌തമായ രണ്ടു സാഹചര്യത്തിലുള്ളതാണ്. ഇ.ഡി. ആവശ്യപ്പെട്ടത് പ്രകാരമാണ് സ്വപ്‌നയുടെ മൊഴിയിൽ അന്വേഷണം നടത്തി കേസെടുത്തതെന്നും അന്വേഷണത്തിൽ കുറ്റകൃത്യം കണ്ടെത്തിയാൽ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്യുന്നത് എങ്ങനെയാണ് തെറ്റാകുകയെന്നുമാണ് ക്രൈബ്രാഞ്ചിന്‍റെ വാദം. സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസിനെ കുറിച്ചും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വിശദീകരിച്ചിരുന്നു. എന്നാൽ സമാന സ്വഭാവമുള്ള കേസുകളില്‍ രണ്ട് എഫ്.ഐ.ആറുകള്‍ നിലനില്‍ക്കില്ലെന്നും കേസുകള്‍ റദ്ദാക്കണമെന്നുമാണ് ഇ.ഡി ഡെപ്യൂട്ടി ഡയറക്‌ടര്‍ പി.രാധാകൃഷ്ണന്‍റെ വാദം.
കേസന്വേഷണത്തിന്‍റെ മറവില്‍ ക്രൈംബ്രാഞ്ച് തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും ഇ.ഡി ആരോപിച്ചിരുന്നു. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രാരംഭ ദിശയിലുള്ള അന്വേഷണത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്കെതിരെ തെളിവുണ്ടാക്കാനോ കേസിലേക്ക് വലിച്ചിഴക്കാനോ ഉള്ള ലൈസന്‍സല്ല കള്ളപ്പണം വെളുപ്പിക്കല്‍ കേസന്വേഷണം. ഇഡിക്കെതിരെ പ്രതികള്‍ ഉന്നയിച്ച ആരോപണം ശരിയാണെങ്കില്‍ അത് ഗുരുതരമാണ്. ഈ രാജ്യത്തെ ഒരു പൗരനും സുരക്ഷിതരല്ലാത്ത സാഹചര്യമാണ് ഇതുവഴി സൃഷ്‌ടിക്കപ്പെടുക. ഒരു കേന്ദ്ര ഏജന്‍സിയെന്ന നിലയില്‍ ഒരു വ്യക്തിക്കെതിരെ തെളിവുകൾ കെട്ടിച്ചമയ്ക്കാന്‍ ഇ.ഡിക്ക് അവകാശമില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ഇഡിയുടെ ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയത്. അതേ സമയം ഇ.ഡി ക്കെതിരായ കേസിൽ സ്വപ്‌ന സുരേഷിന്‍റെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിലെ ഹൈക്കോടതി വിധി ആശ്രയിച്ചായിരിക്കും ഈ ഹർജിയിൽ സെഷൻസ് കോടതി തുടർ നടപടി സ്വീകരിക്കുക. നേരത്തെ ഹർജി പരിഗണിച്ച വേളയിൽ ക്രൈംബ്രാഞ്ച് അപേക്ഷയെ ഇ.ഡി ശക്തമായി എതിർത്തിരുന്നു.