എറണാകുളം : ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യും. തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് നിര്‍ദേശം. ലൈഫ് മിഷന്‍ കേസില്‍ പ്രതിയായ എം.ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്‌ത് കൊണ്ടിരിക്കുകയാണ്. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് സി.എം രവീന്ദ്രന് ഇഡി നോട്ടിസ് അയച്ചത്.
ശിവശങ്കറിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പ്രതിയായ സ്വപ്‌ന സുരേഷുമായി സി.എം രവീന്ദ്രന്‍ നടത്തിയ വാട്ട്‌സാപ്പ് ചാറ്റ് ഇഡി പരിശോധിച്ചിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് റെഡ് ക്രസന്‍റിനെ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ചാറ്റിൽ രവീന്ദ്രനെ വിളിക്കാമെന്ന് ശിവശങ്കർ സ്വപ്‌നയോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം സി.എം രവീന്ദ്രനും അറിയാമെന്ന നിഗമനത്തിലാണ് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ഇതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ഇഡി. സി.എം രവീന്ദ്രനെ വീണ്ടും വിളിച്ചുവരുത്തി വ്യക്തത തേടുകയാണ് ഇ.ഡിയുടെ ലക്ഷ്യം. നേരത്തെ 2020ല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്‌തിരുന്നു.
ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്‍റെ കണക്കുകളില്‍ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി പതിനാല് മണിക്കൂറോളമാണ് ഇഡി രവീന്ദ്രനെ അന്ന് ചോദ്യം ചെയ്‌തത്. ഇത് മുഖ്യമന്ത്രിയുടെ ഓഫിസിനെ സംശയത്തിന്‍റെ നിഴലിൽ നിർത്തിയുള്ള പ്രതിപക്ഷത്തിന്‍റെ പ്രചാരണത്തിനിടയാക്കിയിരുന്നു.
ഒരിക്കൽ കൂടി സി.എം. രവീന്ദ്രനിലേക്ക് ഇ.ഡി അന്വേഷണമെത്തുമ്പോൾ മുഖ്യമന്ത്രിയെ ഉൾപ്പടെ പ്രതികൂട്ടിലാക്കിയുള്ള പ്രതിപക്ഷ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്ന് വരാന്‍ സാധ്യതയുണ്ട്.