എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ സി മൊയ്‌തീനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate). കോടികളുടെ ബിനാമി ലോണുകള്‍ക്കായി എ സി മൊയ്‌തീൻ എംഎൽഎ (AC Moideen MLA) പാവങ്ങളുടെ ഭൂമി പണയപ്പെടുത്തുകയും ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്ക് പോലും വായ്‌പകൾ അനുവദിച്ചതായും കണ്ടെത്തി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം 22/08/2023 ന് കേരളത്തിൽ അഞ്ച് സ്ഥലങ്ങളിൽ അന്വേഷണം നടത്തിയതായും ഇഡി (ED) വ്യക്തമാക്കി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾ പൊതുപണം തട്ടിയെടുക്കുക, ഒരേ വ്യക്‌തിക്ക് ഒരേ വസ്‌തുവിന്‍റെ പണയത്തിൽ ഒന്നിലധികം വായ്‌പകൾ അനുവദിക്കുക തുടങ്ങി കേരള പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്.
ചില രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല നേതാക്കളും കമ്മിറ്റി അംഗങ്ങളും ബാങ്ക് ഭരിക്കുന്നവരുമായ ചിലരുടെ നിർദേശപ്രകാരം, ബാങ്ക് മാനേജർ മുഖേന ഇടപാടുകാരല്ലാത്ത ബിനാമികൾക്ക് സ്വത്തുക്കൾ പണയപ്പെടുത്തി വായ്‌പ നൽകിയതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തി. പാവപ്പെട്ട അംഗങ്ങളുടെ വായ്‌പകൾ അവരുടെ അറിവില്ലാതെ കുറ്റാരോപിതർക്ക് പ്രയോജനം ചെയ്യാനായി വെട്ടിച്ചുരുക്കി. മുൻമന്ത്രിയും എംഎൽഎയുമായ എ സി മൊയ്‌തീന്‍റെ നിർദേശ പ്രകാരമാണ് ഇത്തരത്തിലുള്ള നിരവധി ബിനാമി വായ്‌പകൾ വിതരണം ചെയ്‌തതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
കിരൺ പി പി, റഹീം സി എം, ഷിജു എം കെ, എ സി മൊയ്‌തീൻ, സതീഷ്‌കുമാർ പി എന്നിവരുട വീടുകളിൽ പരിശോധന നടത്തിയിരുന്നു. ഇതേതുടർന്ന് ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ച് രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചു. ബാങ്ക് നിക്ഷേപങ്ങളും എഫ്‌ഡികളും മരവിപ്പിച്ചു. എ സി മൊയ്‌തീന്‍റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത് (AC Moideen MLA's Bank Account Frozen).
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ (Karuvannur cooperative bank fraud case) ഇതുവരെ പതിനഞ്ച് കോടി വിലമതിക്കുന്ന 36 സ്വത്ത് വകകൾ കണ്ടുകെട്ടിയിട്ടുണ്ട്. 150 കോടിയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്ക് കേസിൽ നേരത്തെ എ കെ ബിജോയിയുടെ 30 കോടിയുടെ സ്വത്ത് വകകളും കണ്ടുകെട്ടിയിരുന്നു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണന്ന് ഇഡി അറിയിച്ചു.