എറണാകുളം: വിവാദ വ്യവസായി സാന്‍റിയാഗോ മാർട്ടിനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌ത് വിട്ടയച്ചു. കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് സംഘം ചോദ്യം ചെയ്‌തത്. ലോട്ടറി വ്യവസായത്തിന്‍റെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടത്തിയെന്ന ആരോപണത്തിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.
ഈ കേസിൽ നേരത്തെയും സാന്‍റിയാഗോ മാർട്ടിനെ ചോദ്യം ചെയ്‌തതായാണ് സൂചന. അതുകൊണ്ടുതന്നെ മൊഴികൾ പരിശോധിച്ച ശേഷം മാർട്ടിനെ വീണ്ടും വിളിപ്പിക്കാനാണ് സാധ്യത. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
മാർട്ടിനെതിരായ സിബിഐ അന്വേഷണത്തിലാണ് ലോട്ടറിയുടെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടന്നുവെന്ന് കണ്ടെത്തിയത്. ഇതേ തുടർന്നായിരുന്നു സാന്‍റിയാഗോ മാർട്ടിനെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയത്. കള്ളപ്പണ നിരോധന നിയമപ്രകാരവും, അനധികൃത സ്വത്ത് സമ്പാദന കേസിലുമാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.
ചെന്നൈയിലെ താമസസ്ഥലത്തും, കോയമ്പത്തൂരിലെ മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഓഫിസ് എന്നിവിടങ്ങളിലും ഇതിന്‍റെ ഭാഗമായി ഇ.ഡി പരിശോധന നടത്തിയിരുന്നു. കൊച്ചിയിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ട സംഘമായിരുന്നു റെയ്‌ഡ് നടത്തിയത്. മാത്രമല്ല സാന്‍റിയാഗോ മാർട്ടിന്റെ 450 കോടിയിലധികം വരുന്ന സ്വത്തുക്കൾ ഇ.ഡി നേരത്തെ മരവിപ്പിച്ചിരുന്നു. സിക്കിം ലോട്ടറികളുടെ മാസ്‌റ്റര്‍ ഡിസ്ട്രിബ്യൂട്ടറായ കോയമ്പത്തൂരിലെ ഫ്യൂച്ചർ ഗെയിമിങ് സെല്യൂഷൻസിൻ്റെ കോയമ്പത്തൂരിലെ ഓഫിസ്, കോയമ്പത്തൂരിലെ വീടും ഭൂമിയും, ചെന്നൈയിലെ ബിനാമി ഇടപാടിലെ വീട്, ഓഫിസുകൾ എന്നിവയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
സിക്കിം ലോട്ടറി വിൽപന ക്രമക്കേടുകളിലൂടെ 910 കോടി രൂപയുടെ നഷ്‌ടമായിരുന്നു മാർട്ടിൻ സിക്കിം സർക്കാരിനുണ്ടാക്കിയത്. വിറ്റു പോകാത്ത ടിക്കറ്റുകൾക്ക് സമ്മാനമടിച്ചതായി തെറ്റിദ്ധരിപ്പിച്ചും പല സംസ്ഥാനങ്ങളിലും നികുതി വെട്ടിപ്പുകൾ നടത്തിയതായാണ് ആരോപണം. മാത്രമല്ല കേരളത്തിൽ സിക്കിം ലോട്ടറി വിൽപന നടത്തിയതിലെ ക്രമക്കേടുകളിലുള്ള സിബിഐ അന്വേഷണത്തിൻ്റെ തുടർച്ചയായാണ് ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്‍റിയാഗോ മാർട്ടിനെതിരെ ഇ.ഡിയും അന്വേഷണമാരംഭിച്ചത്.