എറണാകുളം: ചന്ദ്രികയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി തങ്ങളുടെ മൊഴിയെടുത്തു. കൊച്ചി ഇഡി ഓഫിസിലായിരുന്നു മൊഴിയെടുക്കൽ. ഈ കേസിൽ സാക്ഷിയെന്ന നിലയിൽ മുഈനലിക്ക് ഇഡി നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അസൗകര്യം അറിയിച്ച് ഹാജരായിരുന്നില്ല. ഇതേ തുടർന്ന് വീണ്ടും നോട്ടീസ് നൽകിയതോടെയാണ് മുഈനി അലി ഇന്ന് ഹാജരായത്.
നോട്ടുനിരോധന കാലയളവിൽ ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിൽ പത്ത് കോടി നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ നിലവിൽ ഇഡി അന്വേഷണം നടക്കുന്നുണ്ട്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണമാണ് ഇതെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ഇഡി കേസ് ഏറ്റെടുത്തത്. ഈ കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽ നിന്നും നേരത്തെ ഇഡി മൊഴിയെടുത്തിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയെയും ചന്ദ്രിക ഫിനാൻസ് മാനേജർ സമീറിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.
ALSO READ: ചന്ദ്രിക കള്ളപ്പണ കേസ് : എംകെ മുനീറിനെ ഇഡി ചോദ്യം ചെയ്‌തു
സാക്ഷിയെന്ന നിലയിൽ കെ.ടി ജലീലിനോടും വിവരങ്ങള്‍ തേടിയിരുന്നു. രണ്ട് തവണകളായി ഇതേ കേസിൽ ജലീൽ നേരിട്ടെത്തി തെളിവുകളും നൽകിയിട്ടുണ്ട്. അതേസമയം കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ചന്ദ്രികയിലെയും ലീഗിലെയും സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് മുഈനലി പരസ്യ വിമർശനമുന്നയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയാണ് വർഷങ്ങളായി ലീഗിന്‍റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രിക കേസിൽ മുഈനലിയുടെയും മൊഴിയെടുക്കാൻ ഇഡി തീരുമാനിച്ചത്.