എറണാകുളം: പുരാവസ്‌തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ (KPCC President K Sudhakaran) ഇന്നത്തെ ഇഡി ചോദ്യം ചെയ്യൽ (ED Questions K Sudhakaran) പൂർത്തിയായി. ഒന്‍പത് മണിക്കൂറോളം സമയമാണ് കെ സുധാകരനെ (K Sudhakaran) ചോദ്യം ചെയ്‌തത്. രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇഡി ഓഫിസിലെത്തിയ (kochi ED office) അദ്ദേഹം രാത്രി 8.20നാണ് മടങ്ങിയത്.
30ാം തിയതി വീണ്ടും ഹാജരാകാൻ ഇഡി നിർദേശിച്ചതായി കെ സുധാകരൻ അറിയിച്ചു. കൂടുതലായി ഒന്നും പറയാനില്ലെന്നും വളരെ ശാന്തമായാണ് അന്വേഷണവുമായി സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് യാതൊരു ഭയപ്പാടുമില്ല. താൻ സത്യസന്ധമായ രാഷ്ട്രീയ ജീവിതം നയിക്കുന്ന ആളാണ്. ആശങ്കയും ഭയപ്പാടുമില്ല. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം സുഖകരമായ ഉത്തരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയും സംതൃപ്‌തരാണ്. അവര്‍ വേട്ടയാടുകയാണെന്ന ആരോപണമില്ല. ഇഡി അവരുടെ ഉത്തരവാദിത്തം നിർവഹിക്കുന്നു. ഞങ്ങൾ അതുമായി സഹകരിക്കും. ഇത് ഭയപ്പെടുന്നവർക്കല്ലേ പ്രശ്‌നമുള്ളൂവെന്നും കെ സുധാകരൻ ചോദിച്ചു. ഇഡി ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു കെ സുധാകരൻ മാധ്യമങ്ങളോട് സംസാരിച്ചത്.
'ഞാന്‍ കുറ്റക്കാരൻ ആണങ്കിൽ അല്ലേ പാർട്ടിക്ക് പ്രശ്‌നമുള്ളൂ': പുരാവസ്‌തു തട്ടിപ്പുകേസിലെ പരാതിക്കാർ ഇഡിക്ക് നൽകിയ മൊഴിയിലും ചില സാക്ഷി മൊഴികളിലും സുധാകരനെതിരായ പരാമർശങ്ങൾ ഉണ്ടായിരുന്നു. പുരാവസ്‌തു തട്ടിപ്പുക്കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോയ സാഹചര്യത്തിൽ കൂടിയാണ് ഇഡിയും സുധാകരനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അതേസമയം, താൻ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നാണ് കെ സുധാകരൻ രാവിലെ പ്രതികരിച്ചത്. ഇഡിക്ക് വിളിച്ചുവരുത്താൻ അധികാരമുണ്ട്. താൻ കുറ്റക്കാരൻ ആണെങ്കിൽ അല്ലേ പാർട്ടിക്ക് പ്രശ്‌നമുള്ളൂവെന്നും കെ സുധാകരൻ ചോദിച്ചു.
നൂറ് ശതമാനം താൻ ക്ലിയറാണ്. തനിക്കൊരു ആശങ്കയുമില്ല. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ഒരു തരത്തിലും തന്നെ കുടുക്കാൻ കഴിയുന്ന കുറ്റം ജീവിതത്തിൽ ചെയ്‌തിട്ടില്ല. ഇത് വെറുതെ പറയുന്നതല്ല ഉളളിൽ തട്ടി പറയുന്നതാണ്. മനസറിഞ്ഞ് ഒരു കുറ്റവും ചെയ്‌തിട്ടില്ല, ഇനി ചെയ്യുകയുമില്ലെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.
'അന്യന്‍റെ പണം കൊണ്ട് താൻ ജീവിച്ചിട്ടില്ല': അവസരങ്ങൾ ഒരുപാട് ലഭിച്ചിരുന്നു. പക്ഷേ, ദുരുപയോഗം ചെയ്‌തിട്ടില്ല. വനം വകുപ്പ് മന്ത്രിയായിരുന്നപ്പോൾ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് അന്വേഷിച്ചാൽ മനസിലാക്കാൻ കഴിയും. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് ആക്ഷേപമില്ല. അന്ന് നിലമ്പൂർ കോവിലകത്തിന്‍റെ മരം മുറിക്കാൻ അനുമതിക്ക് വേണ്ടി കോടികൾ തരാമെന്ന് പറഞ്ഞിട്ടും താൻ അതിന് നിന്നില്ല. തനിക്ക് പണം സമ്പാദിക്കണമെങ്കിൽ ഇതിന് മുന്‍പ് ഒരുപാട് അവസരമുണ്ടായിരുന്നു. അന്യന്‍റെ പണം കൊണ്ട് താൻ ജീവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആശങ്കയില്ലെന്നും കെ സുധാകരൻ വിശദീകരിച്ചു.
തനിക്ക് മാത്രമാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടിസ് അയച്ചത്. ബന്ധുക്കളെ ആരെയും വിളിപ്പിച്ചിട്ടില്ല. ഇനി ഭാര്യക്കും മക്കൾക്കും നോട്ടിസ് അയച്ചോട്ടെ, എന്നാലും പ്രശ്‌നമില്ല. താൻ സത്യസന്ധത തെളിയിച്ച് വന്ന് മാധ്യമങ്ങളെ കാണാമെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം, ഇഡിക്ക് സുധാകരനെതിരെ ശക്തമായ മൊഴികൾ ലഭിച്ചതായാണ് സൂചന. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ, 10 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും കെ സുധാകരനോട് ഇഡി ആവശ്യപ്പെട്ടിരുന്നു.
മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽവെച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസണിന്‍റെ മുൻ ജീവനക്കാരൻ ഇഡിക്ക് മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി, സുധാകരനെ വിശദമായി ചോദ്യം ചെയ്‌തത്. കെ സുധാകരൻ ഇന്ന് നൽകിയ വിവരങ്ങൾ വിശകലനം ചെയ്‌ത ശേഷമായിരിക്കും 30 തിയതി വീണ്ടും ഇഡി ചോദ്യം ചെയ്യുക.