കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു ചോദ്യം ചെയ്യൽ. അതീവ രഹസ്യമായാണ് യു.വി ജോസ് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരായത്. ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കമ്മിഷൻ ലഭിച്ചെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികൾ മൊഴി നൽകിയ സാഹചര്യത്തിലാണ് യു.വി ജോസിനെ ചോദ്യം ചെയ്‌തത്.
ലൈഫ് മിഷനും റെഡ്ക്രസന്‍റും തമ്മിലുള്ള ധാരണാ പത്രത്തില്‍ ഒപ്പു വെച്ചത് പദ്ധതിയുടെ സിഇഒ ആയ യു.വി ജോസായിരുന്നു. റെഡ് ക്രസന്‍റുമായി ധാരണാപത്രം ഒപ്പിട്ടത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. കരാറില്‍ ശിവശങ്കറിന്‍റെ ഇടപെടലുകളാണ് മുഖ്യമായും പരിശോധിക്കുന്നതെന്ന സൂചനയുണ്ട്. ഇത് സംബന്ധിച്ച് ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയക്‌ടറേറ്റ് നേരത്തെ കത്ത് നൽകിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയിൽ നാലേകാല്‍ കോടി രൂപയോളം കമ്മിഷന്‍ ഇടപാടുകള്‍ നടന്നതായാണ് ആരോപണം.