എറണാകുളം: ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഇ.ഡിയുടെ ആവശ്യത്തെ തുടർന്നാണ് ഹർജി മാറ്റിയത്. നാളെ വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കുമെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.
കേന്ദ്ര ഏജൻസിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും അന്വേഷണത്തിന്‍റെ മറവിൽ ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ ഉണ്ടാക്കുമെന്നും ഇ.ഡി പറഞ്ഞു. മാർച്ച് പതിനേഴിന് ക്രൈംബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത കേസിന് ആസ്‌പദമായ രേഖകൾ വിളിച്ച് വരുത്തി പരിശോധിക്കണം. ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ദുരുദ്ദേശത്തോടെയുള്ളതാണെന്നും ഇഡിയുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും ഇ.ഡി വ്യക്തമാക്കി. ഇത് അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കുന്നു എന്നും കേസ് റദ്ദാക്കുന്നില്ലെങ്കിൽ ഇ.ഡിക്കെതിരെയുള്ള കേസ് അന്വേണം സി.ബി.ഐയെ ഏൽപ്പിക്കണമെന്നുമാണ് ഇഡിയുടെ ആവശ്യം.
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സ്വപ്‌ന സുരേഷിനോട് അന്വേഷണ സംഘം സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.