എറണാകുളം : കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറിക്ക് ഇഡി നോട്ടിസ് (ED notice to MM Varghese). ഈ മാസം 25 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എംഎം വർഗീസിന് ഇഡി നോട്ടിസില്‍ പറയുന്നത്. കൊച്ചിയിലെ ഇഡി മേഖല ഓഫിസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദേശം. കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ (Karuvannur Bank scam) ഇഡി ആദ്യ ഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് തുടർ നടപടികളിലേക്ക് കടന്നത്.
കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കുകയാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂർ കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണൻ എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സിപിഎം പ്രദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൺസിലറുമായ പിആർ അരവിന്ദാക്ഷൻ ഈ കേസിൽ പതിനഞ്ചാം പ്രതിയായി ജയിലിൽ കഴിയുകയാണ്. ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അമ്പത്തിയെട്ടാം ദിവസമാണ് കരുവന്നൂർ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയുന്നതിനായിരുന്നു അറുപത് ദിവസം പൂർത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചത്.
ഇതുവരെ ഇഡി നടത്തിയ അന്വേഷണങ്ങള അടിസ്ഥാനത്തിലാണ് പ്രാഥമിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. വിശദമായ ആദ്യഘട്ട കുറ്റപത്രത്തില്‍ ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ തെളിയിക്കുന്ന വ്യക്തമായ തെളിവുകളും കണ്ടെത്തലുകളുമുള്ളതായാണ് ഇഡിയുടെ വിലയിരുത്തൽ. ഇഡി ആദ്യം അറസ്റ്റ് ചെയ്ത മുഖ്യപ്രതിയെന്ന് കരുതിയിരുന്ന പി സതീഷ്കുമാർ പതിനാലാം പ്രതിയാണ്. അതേസമയം റബ്ക്കോ ഏജന്റ് ആയിരുന്ന എകെ ബിജോയ് ആണ് ഒന്നാംപ്രതി. കരുവന്നൂർ കേസിലെ മുഖ്യ സൂത്രധാരൻ എകെ ബിജോയ് ആണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഇതോടെയാണ് ബിജോയിയെ ഒന്നാം പ്രതിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചത്.
പന്ത്രണ്ടായിരത്തിൽ അധിക പേജുള്ള കുറ്റപത്രത്തിൽ 50 വ്യക്തികളും അഞ്ച് സ്ഥാപനങ്ങളും ഉൾപ്പെടുന്നു. എകെ ബിജോയിയുടെ മൂന്ന് സ്ഥാപനങ്ങളും കേസിലെ മറ്റൊരു പ്രതിയായ പിപി കിരണിന്റെ രണ്ട് സ്ഥാപനങ്ങളും പ്രതി പട്ടികയിൽ ഉണ്ട്. സെപ്റ്റംബർ നാലിന് ഇഡിയുടെ കസ്റ്റഡിയിലെടുത്ത് നിലവിൽ റിമാന്‍ഡിൽ കഴിയുന്ന പിപി കിരൺ ഒമ്പതാം പ്രതിയാണ്. കരുവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്റ് സികെ ജിൽസ് പതിനാറാം പ്രതിയും കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലൻ കേസിൽ മുപ്പത്തി രണ്ടാം പ്രതിയാണ്.
ബാങ്ക് ഭരണസമിതി അംഗങ്ങളും തട്ടിപ്പ് നടത്തിയവരും അടക്കം മൊത്തത്തിൽ 50 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. ആറ് വലിയ പെട്ടികളിലായാണ് പന്ത്രണ്ടായിരത്തിലേറെ പേജുകൾ വരുന്ന കുറ്റപത്രം കലൂരിലെ പ്രത്യേക കോടതിയിൽ എത്തിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് പ്രതിചേർക്കപ്പെട്ട ആദ്യ 12 പേരും ഇഡിയുടെ പ്രതിപട്ടികയിലും ഉണ്ട്. കേസിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
തുടരന്വേഷണ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും. കള്ളപ്പണം വെളുപ്പിച്ചതിൽ പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയതായും കേസുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്ത് കണ്ടെത്തിയതായും ഇഡി വ്യക്തമാക്കിയിരുന്നു.
ALSO READ: കരുവന്നൂര്‍ തട്ടിപ്പ്; 50 പ്രതികളെ ഉള്‍പ്പെടുത്തി ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു