എറണാകുളം: ലൈഫ് മിഷൻ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ റിമാൻഡ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും സ്വപ്‌ന സുരേഷും തമ്മിലുള്ള വാട്‌സ്‌ആപ്പ് സന്ദേശങ്ങളും റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുന്നു. കരാറുകൾ അനുവദിക്കുന്നതിലും കുറ്റകൃത്യങ്ങളുടെ വരുമാനം മുൻകൂർ കമ്മിഷൻ വഴി കൈക്കൂലിയായി ഈടാക്കുന്നതിലും സർക്കാർ പ്രതിനിധികൾ ഉൾപ്പെട്ട വലിയ ശ്യംഖല തന്നെ പ്രവർത്തിക്കുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
2019 ജൂലൈ 31നുള്ള വാട്‌സ്‌ആപ്പ് സന്ദേശങ്ങളാണ് കോടതിയിൽ തെളിവായി ഇഡി ഹാജരാക്കിയത്. ശ്രദ്ധാലുവായിരിക്കണമെന്നും ഇടപാടിനിടെ എന്തെങ്കിലും പിഴവുണ്ടായാൽ എല്ലാം സ്വപ്‌നയുടെ തലയിലാകുമെന്നും അതുകൊണ്ട് സൂക്ഷിക്കണമെന്നും ശിവശങ്കർ സ്വപ്‌നയ്ക്ക് മുന്നറിയിപ്പ് നൽകുന്നതാണ് വാട്‌സ്ആപ്പ് ചാറ്റിലുള്ളത്.
സ്വപ്‌നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടുവെന്ന് ശിവശങ്കർ സ്വപ്‌നയോട് പറഞ്ഞതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളിലൂടെയും കേസിലെ പ്രതികളുടെ മൊഴിയിൽ നിന്നും സർക്കാർ പ്രതിനിധികളുടെ വലിയ പങ്ക് വ്യക്തമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ലൈഫ് മിഷൻ കോഴ ഇടപാടിൽ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനിൽ നിന്ന് കമ്മിഷനായി വൻ തുക കൈപ്പറ്റിയിരുന്നു. കേരളത്തിലെ പ്രളയബാധിതർക്ക് പാർപ്പിട സൗകര്യങ്ങൾ ഒരുക്കുന്നതിനായി പിരിച്ചെടുത്ത വൻതുക പദ്ധതി കരാർ അനുവദിക്കുന്നതിനുള്ള മുൻകൂർ കമ്മിഷനായി തട്ടിയെടുത്തതായി അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ വ്യക്തമാണ്. ശിവശങ്കറിന്‍റെ കൈവശമുള്ള ആഡംബര ഐഫോണിന് പണം നൽകിയത് സന്തോഷ് ഈപ്പനാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനുമാണ് ശിവശങ്കർ ശ്രമിച്ചത്. അദ്ദേഹത്തിന്‍റെ നിസ്സഹകരണ നിലപാടിലൂടെ അന്വേഷണത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, ഫെബ്രുവരി 20 ഉച്ചയ്‌ക്ക് 2.30വരെ ശിവശങ്കറിനെ എറണാകുളം സിബിഐ കോടതി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി.
കോഴ നൽകിയെന്ന് സന്തോഷ് ഈപ്പൻ: 4 കോടി 48 ലക്ഷം രൂപ ശിവശങ്കർ, സ്വപ്‌ന സുരേഷ് എന്നിവർ ഉൾപ്പെട്ട പ്രതികൾക്ക് കോഴ നൽകിയതായി സന്തോഷ് ഈപ്പൻ ഇഡിയ്‌ക്ക് മൊഴി നൽകിയിരുന്നു. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവഴിച്ച് ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാനായി കൈക്കൂലി നൽകിയെന്നാണ് സന്തോഷ് മൊഴി നൽകിയത്. ശിവശങ്കറിനെതിരെ കേസിലെ മറ്റ് പ്രതികളായ സ്വപ്‌നയും സരിത്തും മൊഴി നൽകിയിരുന്നു. കേസിൽ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയാണ് ഇഡി അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഫെബ്രുവരി 14 രാത്രി 11.45ഓടെയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം: ശിവശങ്കറിനെതിരെയുള്ള ഇഡി നടപടി മുഖ്യമന്ത്രിയുടെ ഓഫിസിനെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
Also read: ലൈഫ് മിഷന്‍ കേസ്: എം ശിവശങ്കര്‍ അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയില്‍