എറണാകുളം: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന സുരേഷ്, നാലാം പ്രതി സന്ദീപ് നായർ എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഇഡിക്ക് കോടതി അനുമതി നൽകി. നാളെ മുതൽ മൂന്ന് ദിവസം ജയിലിൽ ചോദ്യം ചെയ്യാനാണ് അനുമതി. രാവിലെ പത്തിനും വൈകുന്നേരം നാലിനും ഇടയിൽ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. രണ്ട് മണിക്കൂർ ഇടവിട്ട് അര മണിക്കൂർ ഇടവേള നൽകണമെന്നും ആവശ്യമെങ്കിൽ അഭിഭാഷകരെ ബന്ധപെടാൻ അനുമതി നൽകണമെന്നും കോടതി നിർദേശിച്ചു.
കൂടുതൽ വായിക്കാൻ: സരിത്ത്, സന്ദീപ്, സ്വപ്ന, ശിവശങ്കര്‍; ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. ഇതോടെ അഞ്ചാം പ്രതി എം ശിവശങ്കറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യാൻ ഇ.ഡിക്ക് കഴിയും. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ അന്വേഷണത്തിലുണ്ടായ പുതിയ പുരോഗതിയുടെ അടിസ്ഥാനത്തിൽ നേരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്‌ത പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന എൻഫോഴ്‌സ്മെന്‍റ് ഡയറ്ക്ടറേറ്റിന്‍റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. ഇ.ഡിയുടെ കസ്റ്റഡിയിലുള്ള എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്.