എറണാകുളം: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. കെ കെ ജോർജ(82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച (11.08.2022) രാത്രി 8.45ഓടെയാണ് മരണം സംഭവിച്ചത്. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ (സിഎസ്ഇഎസ്) ചെയർമാനായിരുന്നു അദ്ദേഹം.
പബ്ലിക് ഫിനാൻസിലും കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ പ്രമുഖരിൽ ഒരാളായിരുന്നു അദ്ദേഹം. "കേരള വികസനമാതൃകയുടെ പരിമിതികൾ" എന്ന അദ്ദേഹത്തിന്റെ പുസ്തകം എറെ ശ്രദ്ധ നേടിയിരുന്നു. ആലുവ യുസി കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം കൊച്ചി സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ അധ്യാപകനായി ജോലി ആരംഭിച്ച അദ്ദേഹം എസ്ബിഐയിലും തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് വിസിറ്റിങ് ഫെലോ ആയും പ്രവർത്തിച്ചു. കൊട്ടി സർവകലാശാലയിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടറായി 2000ൽ വിരമിച്ചു.
ഭാര്യ: ഷേർളി(റിട്ട. ബിഎസ്എൻഎൽ). മക്കൾ: ജസ്റ്റിൻ ജോർജ് (ബിസിനസ്),ജീൻ ജോർജ് (അബുദാബി), ഡോ. ആൻ ജോർജ് (യു സി കോളേജ് ആലുവ).
മരണാനന്തര ശുശ്രൂഷ ചടങ്ങുകൾ വെള്ളിയാഴ്ച (12.08.2022) വൈകുന്നേരം ആലുവ തോട്ടക്കാട്ടുകരയിലെ ഐശ്വര്യ ലൈനിലുള്ള സ്വവസതിയിൽ നടക്കും.