എറണാകുളം: ലൈഫ് മിഷൻ അഴിമതിയിലെ മുഖ്യ സൂത്രധാരൻ എം. ശിവശങ്കറെന്ന് ഇഡി ഹൈക്കോടതിയിൽ. ലൈഫ് മിഷൻ അഴിമതിയിലെ മുഖ്യ ആസൂത്രകൻ എം. ശിവശങ്കറാണെന്ന് സാധൂകരിക്കുന്ന ശക്തമായ തെളിവുകളുണ്ട്. സ്വപ്‌നയുടെ ഉള്‍പെടെ വാട്‌സ്‌ആപ്പ് ചാറ്റുകളും സന്തോഷ് ഈപ്പന്‍റെയടക്കമുള്ള ബാങ്ക് ഇടപാടുകളും ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്നതാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.
ലൈഫ് മിഷൻ കരാർ ക്രമക്കേടിൽ സർക്കാരിന് യാതൊരു വിധ പങ്കുമില്ലെന്നായിരുന്നു ശിവശങ്കറിന്‍റെ ആദ്യത്തെ നിലപാട്. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്‌തപ്പോൾ ശിവശങ്കർ സഹകരിച്ചില്ല. ശിവശങ്കറിനെതിരായ സ്വർണക്കടത്ത് ലൈഫ് മിഷൻ കൈക്കൂലി കേസ്, ലൈഫ് മിഷൻ അഴിമതിയിലൂടെ ലഭിച്ച പണം ഡോളറാക്കി കടത്തിയെന്ന കേസ് തുടങ്ങിയവ വ്യത്യസ്‌തമായവയാണ്.
മറ്റ് കേസിലെ ജാമ്യം ഇഡി കേസില്‍ പരിഗണിക്കാനാവില്ല: വിദേശ സംഭാവന നിയന്ത്രണ ചട്ടം, കള്ളപ്പണം തടയൽ നിയമ പ്രകാരവുമെടുത്ത കേസിൽ ഇഡി സ്വതന്ത്രമായാണ് അന്വേഷണം നടത്തുന്നത്. അതു കൊണ്ടു തന്നെ മറ്റ് കേസുകളിൽ ജാമ്യം ലഭിച്ചത് ഇഡി കേസിൽ പരിഗണിക്കാനാകില്ലെന്നും ശിവശങ്കറിന്‍റെ വാദത്തെ ഖണ്ഡിച്ചു കൊണ്ട് എൻഫോഴ്‌സ്മെന്‍റ് വ്യക്തമാക്കി. ശിവശങ്കർ സർക്കാരിലടക്കം സ്വാധീനമുള്ള വ്യക്തിയാണ്.
ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. വീണ്ടും ശിവശങ്കർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടേക്കും. രാജ്യത്തിന്‍റെ അഖണ്ഡതയേയും പരമാധികാരത്തെയും ബാധിക്കുന്ന കുറ്റകൃത്യമാണ് കള്ളപ്പണം വെളുപ്പിക്കലെന്നും ശിവശങ്കറിന്‍റെ ജാമ്യ ഹർജി തള്ളണമെന്നും ഇ.ഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് ഹർജിക്കാരന്‍റെ മറുപടി വാദത്തിനായി നാളത്തേക്ക് മാറ്റി.
ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്ന് ശിവശങ്കര്‍: എന്നാല്‍, പല വിധ രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള ആളാണ് താനെന്നും ആരോഗ്യാവസ്ഥ കണക്കിലെടുത്ത് സമാനമായ കേസില്‍ നേരത്തെ ജാമ്യം അനുവദിച്ചിരുന്നുവെന്നും ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഇഡി അധികാര ദുര്‍വിനിയോഗം നടത്തിയാണ് കേസില്‍ തന്നെ പ്രതി ചേര്‍ത്തിട്ടുള്ളത്. തന്നെ നേരിട്ട് കേസുമായി ബന്ധിപ്പിക്കന്ന യാതൊരു തെളിവുകളുമില്ലെന്നും തന്നെ ഇഡി വേട്ടയാടുകയാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ശിവശങ്കറിന്‍റെ വാദം.
ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എം ശിവശങ്കറിന്‍റെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഒമ്പത് ദിവസത്തെ ഇഡിയുടെ കസ്‌റ്റഡി കാലാവധിക്ക് ശേഷം കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ തുടരുകയാണ് അദ്ദേഹം. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
അഴിമതിയുടെ മുഖ്യസൂത്രധാരന്‍ ശിവശങ്കറെന്ന് സ്വപ്‌ന: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡറക്‌ടറേറ്റ് ജനുവരി 28ന് നോട്ടീസ് നല്‍കിയിരുന്നു. ജനുവരി 31ന് ഹാജരാകുവാനായിരുന്നു നിര്‍ദേശം. എന്നാല്‍, താന്‍ അന്ന് വിരമിക്കുന്ന ദിനമാണെന്നും ചോദ്യം ചെയ്യുവാനുള്ള സമയത്തില്‍ മാറ്റം വരുത്തണമെന്നും ശിവശങ്കര്‍ ഇഡിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേസില്‍ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ഇഡി നേരത്തെ തന്നെ ചോദ്യം ചെയ്‌തിരുന്നു. ഇതില്‍ യുഎഇ റെഡ് ക്രെസന്‍റിന്‍റെ സഹായത്തോടെ വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണ കരാര്‍ ലഭിക്കുന്നതിന് യൂണിടാക് കമ്പനിയില്‍ നിന്ന് കോഴ ലഭിച്ചതായും സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. മാത്രമല്ല, എം ശിവശങ്കരനും കോഴ ലഭിച്ചതായി സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ അറിയിച്ചിരുന്നു. ഇതിനാലാണ് ശിവശങ്കറിനോട് ഹാജരാകുവാന്‍ ഇഡി നോട്ടീസ് അയച്ചത്.