എറണാകുളം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. പാലാരിവട്ടം പാലം രണ്ട് വർഷത്തിനുള്ളിൽ പൊളിക്കേണ്ടി വന്നത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വികെ ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെ നടത്തിയ അഴിമതി മൂലമാണെന്നും പാലാരിവട്ടം പാലം നിർമാണത്തിലൂടെ കേരളത്തിനു മുഴുവൻ അപമാനം വരുത്തിവെച്ച വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ് ആരോപിച്ചു.
എംഎൽഎയുടെ ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് തീർത്തതിനാൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ മാർച്ച് അവസാനിപ്പിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. എംഎൽഎയുടെ കളമശ്ശേരി ചങ്ങമ്പുഴ നഗറിലുള്ള ഓഫീസലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്.