എറണാകുളം : മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് സീരിയൽ നടിയും സുഹൃത്തും കസ്റ്റഡിയിൽ. അശ്വതി ബാബു, സുഹൃത്ത് നൗഫല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് നടപടി. ചൊവ്വാഴ്‌ച വൈകിട്ട് തൃക്കാക്കരയിലെ റോഡിൽ തിരക്കേറിയ സമയത്താണ് സംഭവം.
കുസാറ്റ് ജങ്‌ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു ഇരുവരുടെയും സാഹസിക ഡ്രൈവിങ്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അശ്വതി നേരത്തെയും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. അമിത വേഗതയിൽ ഇവർ സഞ്ചരിച്ച വാഹനം നിരവധി വാഹനങ്ങളിൽ തട്ടി നിർത്താതെ പോവുകയായിരുന്നു. ഇതോടെ, തൃക്കാക്കര ക്ഷേത്രത്തിന് സമീപം നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചു.
എന്നാൽ, അമിത വേഗതയിൽ വാഹനമോടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാറിന്‍റെ ടയർ പൊട്ടിയതോടെ പിടിയിലാവുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി നടിയെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.