എറണാകുളം: കടൽ മാർഗമുള്ള ലഹരി കടത്തുകേസിൽ മൂന്ന് പ്രതികളെ മാപ്പുസാക്ഷിയാക്കണമെന്ന അപേക്ഷ ഇന്ന് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതി വീണ്ടും പരിഗണിക്കും. പ്രധാന പ്രതികളുടെ പങ്കാളിത്തം തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് പേരെ മാപ്പുസാക്ഷികളാക്കുന്നത്. മെൻസിസ് ഗുണശേഖര, സൗന്ദർ രാജൻ, അഹമ്മദ് ഫസിലി എന്നിവരെ മാപ്പുസാക്ഷിയാക്കണമെന്നാണ് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നത്.
എൻ.ഐ.എയുടെ ആവശ്യത്തിൽ കൊച്ചി പ്രത്യേക എൻ.ഐ.എ കോടതിയിൽ വിശദമായ വാദം നടന്നിരുന്നു. വിഴിഞ്ഞം ആയുധക്കടത്ത് കേസിൽ 9 പ്രതികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രമാണ് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചത്. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് എൽ.ടി.ടി.ഇയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
ALSO READ Christmas Celebration: തിരുപ്പിറവി ആഘോഷങ്ങൾക്ക് ഒരുങ്ങി ലോകം.... കാണാം മനോഹര ദൃശ്യങ്ങൾ
പാകിസ്ഥാനിലെ മക്രാൻ തീരത്തു നിന്നും ശ്രീലങ്കയിലേക്ക് പോയ ബോട്ട് അറബിക്കടലിൽ വെച്ചാണ് തീര സംരക്ഷണസേന നേരത്തെ പിടികൂടിയത്. മൂവായിരം കോടി രൂപയുടെ മയക്കുമരുന്നും, എ കെ 47 തോക്കുകളും പിടിച്ചെടുത്തിരുന്നു. ലഹരിക്കടത്തിൽ പ്രധാന പങ്കാളിയായ പാകിസ്ഥാൻ പൗരൻ ഹാജി സലിലും, രണ്ട് ശ്രീലങ്കക്കാരുമാണ് ഇനിയും പിടിയിലാകാനുള്ളത്.
പാക് പൗരനായി ഇന്‍റർപോളിന്‍റെ സഹായത്തോടെയാണ് തെരച്ചിൽ നടക്കുന്നത്. പാകിസ്ഥാനിൽ നിന്ന് വലിയ തോതിൽ ആയുധങ്ങളും, സാമ്പത്തിക സഹായവും എൽ.ടി.ടി.ഇ സംഘത്തിന് ലഭിച്ചിരുന്നതായാണ് വിവരം. അങ്കമാലിയിൽ എൻ.ഐ.എ അറസ്റ്റു ചെയ്ത ശ്രീലങ്കൻ പൗരൻ സുരേഷ് രാജിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിരിന്നു.
മൂന്ന് പേരെ മാപ്പുസാക്ഷിയാക്കുന്നതോടെ മറ്റ് പ്രതികളുടെ പങ്കാളിത്തം കോടതിയിൽ വ്യക്തമായി തെളിയിക്കാനാകുമെന്നാണ് എൻ.ഐ.എ പ്രതീക്ഷിക്കുന്നത്.
ALSO READ അനന്ത്നാഗിൽ ഏറ്റുമുട്ടല്‍ ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു