എറണാകുളം: ശിശുദിനത്തിൽ പുതുവൈപ്പ് ഗവ. യു പി സ്കൂളിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ചാച്ചാജിയായി തിരഞ്ഞെടുത്ത എൽ.കെ.ജി വിദ്യാർഥി അഭിറാമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പൊതുപങ്കാളിത്തത്തോടെ ജില്ലയിലെ എല്ലാ കുട്ടികൾക്കും ശുദ്ധമായ വെള്ളം എത്തിക്കുവാനാണ് ജില്ലാ ഭരണകൂടം കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി സ്കൂളുകളിൽ കുടിവെള്ള പ്ലാന്റുകൾ സ്ഥാപിക്കുകയാണ് പദ്ധതി. ഇതിനോടകം എട്ട് സ്കൂളികളിൽ പ്ലാന്റുകൾ സ്ഥാപിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമേ സമീപവാസികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് സ്‌കൂളുകളില്‍ കുടിവെള്ള യൂണിറ്റുകള്‍ ആരംഭിച്ചിരിക്കുന്നത്.
ആദ്യത്തെ കുടിവെള്ള യൂണിറ്റിന്റെ പ്രവര്‍ത്തനം എളങ്കുന്നപ്പുഴ ഗവര്ന്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ആരംഭിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, വ്യക്തികൾ, സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലയിലെ സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികള്‍ക്ക് കുപ്പികളിലാക്കി വെള്ളം വീടുകളിലേക്ക് കൊണ്ടുപോകാം. സ്‌കൂള്‍ പ്രവൃത്തി സമയം ഒഴികെ പരിസരവാസികള്‍ക്കും കുടിവെള്ളം എടുക്കാം. വേനല്‍ കാലത്തു സമീപ സ്ഥലങ്ങളിലും ഇവിടെ നിന്നും വെള്ളം എത്തിക്കാനും കഴിയും. ജില്ലാ കലക്ടർ എസ്. സുഹാസ്, എളംകുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സി.എസ്.ആർ ഡെ ജനറൽ മാനേജർ തോമസ് വർഗീസ്, പ്രധാനധ്യാപിക പി.വി ഗീതാ ഭായി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.