എറണാകുളം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയതിന് സംസ്ഥാനത്തെ പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്ക് കേന്ദ്ര പുരസ്‌കാരം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രാണി ജന്യ രോഗ നിയന്ത്രണത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളെക്കാൾ മികച്ച രീതിയിൽ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തിയ സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയതിനാണ് പുരസ്കാരം. പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.
കൊച്ചിയിൽ മൂന്ന് ദിവസമായി നടന്നു വരുന്ന 'ഇന്ത്യൻ സൊസൈറ്റി ഫോർ മലേറിയ ആൻഡ് അദർ കമ്മ്യൂണിക്കബിൾ ഡിസീസിന്റെ' ദേശീയ സെമിനാറിൽ വെച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൗബേയിൽ നിന്നാണ് ഡോ. മീനാക്ഷി പുരസ്കാരം ഏറ്റു വാങ്ങിയത്.