എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസില്‍ അറസ്റ്റിലായ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്‌തു. ഒരു മാസത്തേക്കാണ് മാര്‍ട്ടിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിമാന്‍ഡ് ചെയ്‌തത്. ഇയാളെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റും (Dominic Martin Remanded In Kalamassery Blast Case).
പ്രതിക്കെതിരായ ആരോപണം ഗുരുതരമെന്ന് കോടതി അഭിപ്രായപ്പെട്ടു. തിരിച്ചറിയല്‍ പരേഡിന് ശേഷം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. അതേസമയം തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി നല്‍കി.
തനിക്ക് സേവനം വേണ്ടെന്ന് പ്രതി: പ്രതിക്ക് വേണ്ടി ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്നുളള അഭിഭാഷകർ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ തനിക്ക് അഭിഭാഷകന്‍റെ സേവനം ആവശ്യമില്ലെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. എന്‍റെ ആശയങ്ങൾ എന്‍റെ ശബ്‌ദത്തില്‍ കോടതിയെ അറിയിക്കും. സ്വന്തമായി കേസ് വാദിക്കുമെന്നും ഡൊമിനിക്ക് മാര്‍ട്ടിന്‍ കോടതിയില്‍ അറിയിച്ചു.
പൊലീസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പരാതിയില്ലെന്നും പ്രതി മറുപടി നല്‍കി. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളിലെന്നും പ്രതി കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിക്ക് ആവശ്യമെങ്കിലും വൈദ്യ സഹായം ലഭ്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
തിരിച്ചറിയൽ പരേഡ് കഴിയാത്തതിനാൽ പ്രതിയെ മുഖം മറച്ചാണ് കോടതിയിൽ ഹാജരാക്കിയത്. നാളെ (നവംബര്‍ 1) കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി ഡിസിപി എസ്.ശശിധരൻ പറഞ്ഞു. ആലുവ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കിയായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. അതേ സമയം അത്താണിയിലെ തെളിവെടുപ്പിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു.
തെളിവെടുപ്പും തെളിവുകളും: സ്‌ഫോടന കേസില്‍ അറസ്റ്റിലായ പ്രതിയുടെ ഉടമസ്ഥതയിലുള്ള അത്താണിയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നും ലഭിച്ചത്. സ്‌ഫോടന വസ്‌തു നിര്‍മിക്കപ്പെട്ടത് അപ്പാര്‍ട്ട്‌മെന്‍റില്‍ വച്ചാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളാണ് ലഭിച്ചത്.
ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവയാണ് കണ്ടെത്തിയത്. പെട്രോള്‍ എത്തിച്ച കുപ്പിയും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് (ഒക്‌ടോബര്‍ 31) രാവിലെ ആരംഭിച്ച തെളിവെടുപ്പ് ആറ് മണിക്കൂര്‍ നീണ്ടു.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (ഒക്‌ടോബര്‍ 29) ഡൊമിനിക്ക് കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണം നടത്തിയതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ ഡൊമിനിക്ക് കുറ്റസമ്മതം നടത്തുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ തിങ്കളാഴ്‌ചയാണ് (ഒക്‌ടോബര്‍ 30) ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.