എറണാകുളം: അടിമലത്തുറയിൽ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശം. മൃഗസംരക്ഷണ വകുപ്പിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ബോധവത്ക്കരണം ശക്തമാക്കണം. മൃഗങ്ങളെ ദത്തെടുക്കുന്നതിന് ക്യാമ്പുകൾ സജ്ജമാക്കണമെന്നും കോടതി നിർദേശിച്ചു. അതേ സമയം സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എ.കെ.ശങ്കരൻ നമ്പ്യാർ ചീഫ് ജസ്റ്റീസിന് അയച്ച കത്ത് ഹർജിയായി പരിഗണിച്ചായിരുന്നു കോടതി സ്വമേധയാ കേസെടുത്തത്. നായയെ അടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത് നൽകിയത്.
ഉടമയുടെ പരാതിയിൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം കേസെടുത്തതായി അറിയാൻ കഴിഞ്ഞിട്ടുണ്ടന്നും മൃഗങ്ങളോടുള്ള ക്രൂരത സമൂഹം ഒരു ശീലമാക്കിയിരിക്കയാണെന്നും കത്തിൽ ചൂണ്ടികാണിച്ചിരുന്നു. ഫലപ്രദമായ നടപടികൾക്ക് അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
നായയെ കൊന്ന് കെട്ടിത്തൂക്കി
അടിമലത്തുറ സ്വദേശിയായ ക്രിസ്‌തുരാജിന്‍റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് പ്രതികൾ ക്രൂരമായി കൊന്നത്. നായയെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങൾ ഇവർ തന്നെ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. പ്രദേശവാസികളായ ശിലുവയ്യൻ, സുനിൽ എന്നിവരുൾപ്പടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്‌ച പതിവുപോലെ കടപ്പുറത്ത് എത്തി ബ്രൂണോ വള്ളത്തിനടിയില്‍ കിടക്കുന്ന സമയത്തായിരുന്നു ആക്രമണം. നായയുടെ ഉടമ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല.
നായയെ തല്ലികൊല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെ പ്രചരിക്കുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്‌തതോടെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
READ MORE: വളര്‍ത്ത് നായയെ തല്ലിക്കൊന്ന സംഭവം; ഹൈക്കോടതി ഇന്ന് പരിഗണിക്കും