എറണാകുളം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കാലതാമസമില്ലാതെ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ഡ്രൈവര്‍മാര്‍ക്കും കണ്ടക്‌ടര്‍മാര്‍ക്കും ശമ്പളം നല്‍കാതെ ഉയര്‍ന്ന തസ്‌തികയിലുള്ളവര്‍ക്ക് ശമ്പളം നല്‍കരുതെന്നും കോടതി ഇടക്കാല ഉത്തരവിറക്കി. ഇത്തരത്തില്‍ ശമ്പളം നല്‍കുന്നത് വിവേചനകരമാണെന്നും കോടതി കുറ്റപ്പെടുത്തി.
ബസുകള്‍ സര്‍വ്വീസ് ചെയ്യുന്നതിന് പകരം ക്ലാസ് മുറികളാക്കിയതിനെ കോടതി വിമര്‍ശിച്ചു. കുട്ടികള്‍ എത്രക്കാലം ബസിലിരുന്ന് പഠിക്കുമെന്നും ശമ്പളം ലഭിക്കാതെ ജീവനക്കാര്‍ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു. മാനേജ്‌മെന്‍റ് എന്ന് പറഞ്ഞ് ഒപ്പിട്ടാല്‍ മാത്രം പോരെന്നും കെ.എസ്.ആര്‍.ടി.സി ലാഭകരമാക്കാനുള്ള തന്ത്രങ്ങള്‍ കൂടി മെനയണമെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത നിരവധി ഡിപ്പോകള്‍ ഉണ്ടെന്നും ഓരോ സമയത്ത് കെ.എസ്.ആര്‍.ടി.സി ഓരോന്നാണ് കാട്ടിക്കൂട്ടുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ചിലരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാനാണ് കെ.എസ്.അര്‍.ടി.സിയുടെ ഇത്തരം നടപടികളെന്നും കോടതി വ്യക്തമാക്കി.
പ്രതിസന്ധിയെ തുടര്‍ന്നുണ്ടാകുന്ന മിന്നല്‍ സമരങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് തൊഴിലാളി യൂണിയനുകളെ കുറ്റപ്പെടുത്തി കോടതി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.യുടെ ആസ്‌തി വിവര കണക്കുകള്‍ കോടതിയെ അറിയിക്കാനും നിര്‍ദേശം നല്‍കി. കണക്കുകള്‍ പരിശോധിച്ചതിന് ശേഷം ജൂണ്‍ 21 ന് കേസ് വീണ്ടും പരിഗണിക്കും.
also read: കെ.എസ്.ആര്‍.ടി.സി: ഉന്നതര്‍ക്ക് മാത്രം ശമ്പളം നല്‍കുന്നത് വിവേചനമെന്ന് ഹൈക്കോടതി