എറണാകുളം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പ്രദേശവാസികൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ നികത്തുന്നതിൽ ജില്ലാഭരണകൂടവും നഗരസഭയും വ്യത്യസ്ത നിലപാടിൽ. ഫ്ലാറ്റുകൾ പൊളിക്കുന്ന സമയത്ത് നാശനഷ്ടങ്ങൾ ഉണ്ടായാൽ അത് നികത്തുമെന്ന് ജില്ലാഭരണകൂടം അറിയിക്കുമ്പോൾ ഇത് സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് മരട് നഗരസഭയുടെ നിലപാട്.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച സമീപവാസികളുടെ ആശങ്കകൾ പരിഹരിക്കുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുക എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്ഫോടനത്തില്‍ നാശനഷ്ടങ്ങൾ ഉണ്ടായാൽ പൊളിക്കുന്ന കമ്പനികൾ നഷ്ടപരിഹാരം നൽകുമെന്നും കെട്ടിടങ്ങളിൽ സ്ഫോടനം നടക്കുമ്പോൾ അവശിഷ്ടങ്ങൾ തെറിച്ചു വീഴാതിരിക്കാൻ സജ്ജീകരണങ്ങൾ ഒരുക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
അതേസമയം നഷ്ടപരിഹാരം ഉൾപ്പെടെ നൽകുന്ന കാര്യങ്ങൾ സംബന്ധിച്ച് ജില്ലാഭരണകൂടം രേഖാമൂലം ഉറപ്പ് നൽകാത്തതിനാൽ ഇത് സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് മരട് നഗരസഭയുടെ നിലപാട്. സമീപവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പൂർണമായി പരിഹാരം കാണാൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് നഗരസഭയും പ്രദേശവാസികളും ആരോപിക്കുന്നത്. ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഹൈബി ഈഡൻ എംപി, എം സ്വരാജ് എംഎൽഎ തുടങ്ങിയവരും പങ്കെടുത്തു.