എറണാകുളം : അന്തരിച്ച പ്രമുഖ ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്‍റെ സംസ്കാരം ഇന്ന് നടക്കും. കൊച്ചി അമൃത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് രാവിലെ ഒമ്പത് മണി മുതൽ പന്ത്രണ്ട് മണി വരെ കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പൊതു ദർശനത്തിന് വയ്‌ക്കും.
മലയാള സിനിമയിൽ ചിരിയുടെ സൂപ്പർ ഹിറ്റുകൾ അണിയിച്ചൊരുക്കിയ പ്രിയ സംവിധായകന് അന്തിമോപചാരം അർപ്പിക്കാൻ കലാകേരളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തും. മലയാള സിനിമയിലെ നടീനടന്മാർ തങ്ങളുടെ അഭിനയ ഗുരുവിന് ഏറെ വൈകാരികമായ അന്ത്യ യാത്രയയപ്പ് നൽകുന്നതിനും ഇവിടം സാക്ഷിയാകും.
സമൂഹത്തിന്‍റെ നാനാ തുറകളിലുമുള്ളവർ മലയാള സിനിമ മേഖലയിൽ മൂന്നര പതിറ്റാണ്ടിലേറെയായി നിറ സാന്നിധ്യമായിരുന്ന, തങ്ങളുടെ പ്രിയപ്പെട്ട സിദ്ദിഖിനെ അവസാനമായി ഒരു നോക്കുകാണാൻ ഇവിടേക്ക് എത്തിച്ചേരും. മികച്ച സംവിധായകൻ മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹി കൂടിയായിരുന്നു സിദ്ദിഖ് എന്നാണ് താരങ്ങളെല്ലാം ഒരേ സ്വരത്തിൽ അനുശോചന സന്ദേശങ്ങളിൽ വ്യക്തമാക്കിയത്.
കടവന്ത്രയിലെ പൊതു ദർശനത്തിന് ശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലുള്ള വീട്ടിലെത്തിക്കും. അടുത്ത ബന്ധുക്കൾ ഇവിടെ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കും. തുടർന്ന് വൈകിട്ട് ആറുമണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടക്കും.
അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് : ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച രാത്രി 9.10 ഓടെയാണ് സിദ്ദിഖിന്‍റെ മരണം സംഭവിച്ചത്. കരൾ രോഗം, ന്യുമോണിയ എന്നിവയെ തുടർന്നായിരുന്നു സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കരൾ മാറ്റി വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയായിരുന്നു.
എന്നാൽ തിങ്കളാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു. ഇതോടെയാണ് ആരോഗ്യസ്ഥിതി കൂടുതൽ വഷളായത്. ഇരുപത്തിനാല് മണിക്കൂർ എഗ്മോ സപ്പോർട്ട് നൽകിയെങ്കിലും ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടായില്ല.
തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്‍റെ ആരോഗ്യാവസ്ഥ സംബന്ധിച്ച് കുടുംബത്തെ വിവരം അറിയിക്കുകയും പിന്നാലെ സിദ്ദിഖിന് നൽകി വന്ന എഗ്മോ സപ്പോർട്ട് പിൻവലിക്കുകയുമായിരുന്നു.
മിമിക്രിയിലൂടെ സിനിമയിലേക്ക് : കൊച്ചിൻ കലാഭവനിൽ മിമിക്രി കലാകാരനായാണ് സിദ്ദിഖ് കലാജീവിത രംഗത്ത് സജീവമായത്. ഈ സമയത്താണ് സംവിധായകൻ ഫാസിലിനെ പരിചയപ്പെടുന്നത്. സിനിമാരംഗത്തേക്കുള്ള വഴിയൊരുക്കിയത് ഈ സൗഹൃദമായിരുന്നു. ഫാസിലിന്‍റെ സഹായിയായി പ്രവർത്തിച്ച് നേടിയെടുത്ത അനുഭവ സമ്പത്തുമായി പിന്നീട് സിനിമ സംവിധാന രംഗത്ത് സജീവമായി.
നടനും സംവിധായകനുമായ ലാലുമായി ചേർന്ന് മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ പിറന്നത്. റാംജീറാവു സ്‌പീക്കിങ്, കാബൂളിവാല, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമ ഉള്ളിടത്തോളം കാലം ഓർമിക്കപ്പെടും.
കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്‌ത സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ഫ്രണ്ട്സ്, ബോഡി ഗാർഡ്, ഫുക്രി, ബിഗ് ബ്രദർ എന്നിവയാണ് ചിലത്. സിദ്ദിഖ് സംവിധാനം ചെയ്‌ത തമിഴ് ചിത്രങ്ങളായ കാവലൻ, എങ്കൾ അണ്ണ, സാധു മിറാൻഡ, ഫ്രണ്ട്സ്, ബോഡി ഗാർഡ് എന്നീ ചിത്രങ്ങളും മികച്ച പ്രതികരണം നേടിയിരുന്നു.
ബോഡിഗാര്‍ഡ് എന്ന സിനിമ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സിദ്ദിഖ് സംവിധാനം ചെയ്‌തിരുന്നു. അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം അടിസ്ഥാനപരമായി മലയാളിക്ക് സമ്മാനിച്ചത് ഹാസ്യത്തിൽ ചാലിച്ച മികച്ച ദൃശ്യാനുഭവങ്ങളായിരുന്നു. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട അരങ്ങിന് പിന്നിലെ സിദ്ദിഖിന്‍റെ സിനിമാജീവിതം ഓർമ്മയാവുമ്പോൾ, അത് കലാലോകത്തിന് പകരം വയ്ക്കാനാവാത്ത നഷ്‌ടമാണ് സമ്മാനിക്കുന്നത്.