എറണാകുളം: കോടതിയലക്ഷ്യ കേസിൽ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ ഹാജരായി. നേരിട്ട് കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബൈജു കൊട്ടാരക്കര അപേക്ഷ നൽകി. കോടതിയലക്ഷ്യ കേസിൽ വിശദീകരണം നൽകാൻ കോടതി രണ്ടാഴ്‌ച സമയം നൽകി.
വിശദീകരണം പരിശോധിച്ച ശേഷം നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വിദേശത്തും ചാനൽ ചർച്ചകളിലും പങ്കെടുക്കാൻ സമയമുണ്ടല്ലോ, പിന്നെ എന്തുകൊണ്ട് കോടതിയിൽ നേരിട്ട് ഹാജരായിക്കൂടെന്ന് കോടതി ചോദിച്ചു. കേസ് ഒക്‌ടോബര്‍ 25ന് പരിഗണിക്കാനായി മാറ്റി.
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്‌ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന കേസിലാണ് ബൈജു കൊട്ടാരക്കര കോടതിയിൽ ഹാജരായത്. മെയ് ഒമ്പതിന് ഒരു ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളാണ് കേസിനിടയാക്കിയത്. സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.
ഈ കേസിൽ കോടതിയിൽ ഹാജരാകാൻ കോടതി രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും ബൈജു സാവകാശം തേടി. എന്നാൽ, ഇന്ന് (ഒക്‌ടോബർ 10) നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. നോട്ടിസ് ലഭിച്ചിട്ടും കക്ഷി നേരിട്ട് ഹാജരായില്ലെന്ന് ചൂണ്ടികാണിച്ച കോടതി ഇന്ന് ഹാജരാകാനുള്ള അവസാന അവസരമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
വിചാരണക്കോടതി ജഡ്‌ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് നടത്തിയതെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ കോടതിയെ അറിയിച്ചിരുന്നു. ജഡ്‌ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് നടത്തിയത്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതും ആണെന്ന് കോടതി വിലയിരുത്തി.