എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ഫോണുകൾ ഹൈക്കോടതിയിൽ എത്തിച്ചു. ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറി. ഇന്ന് രാവിലെ 10:15 ന് മുമ്പായി കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ശനിയാഴ്‌ച ഉത്തരവിട്ടിരുന്നു.
ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകളിൽ ഒരെണ്ണം ഒഴിച്ച് ആറ് ഫോണുകളാണ് ഹാജരാക്കിയത്. അതേസമയം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ദിലീപിന്‍റെ ഒരു ഫോൺ സംബന്ധിച്ച് പ്രതിഭാഗം എതിർപ്പ് അറിയിച്ച സാഹചര്യത്തിൽ ഈ ഫോണിൻ്റെ കാര്യത്തിൽ തീരുമാനം പിന്നീടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ ഫോൺ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകാനും കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നു.
ഫോണുകൾ മുബൈയിലായതിനാൽ ഹാജരാക്കാൻ ചൊവ്വാഴ്‌ച വരെ സമയം വേണമെന്ന ദിലീപിന്‍റെ ആവശ്യം തള്ളിയതോടെയാണ് ഫോണുകൾ ഇന്ന് തന്നെ കോടതിയിൽ എത്തിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെയും സംസ്ഥാനത്തെ ഫോറൻസിക്ക് ലാബുകളെയും വിശ്വാസമില്ലാത്തതിനാൽ സ്വന്തം നിലയിൽ താൻ ഉപയോഗിച്ച ഫോണുകൾ സംസ്ഥാനത്തിന് പുറത്തേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പ്രതിഭാഗത്തിന്‍റെ വാദവും കോടതി അംഗീകരിച്ചിരുന്നില്ല.
ഫോണുകൾ സമർപ്പിക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം സ്വകാര്യത ലംഘനമാണന്ന ദിലീപിൻ്റെ വാദം അംഗീകരിക്കാനാവില്ലന്ന് കോടതി വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുകൾ ലഭിക്കാത്തതിനാൽ വധഗൂഢാലോചന കേസ് കെട്ടിചമക്കുകയായിരുന്നുവെന്നതാണ് ദിലീപിന്‍റെ വാദം.
അതേസമയം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Also Read: സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം ഇന്ന്; നിയന്ത്രണങ്ങളിലെ ഇളവ് ചർച്ച ചെയ്യും