എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യുന്നത്. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവർക്കൊപ്പമാണ് ആലുവയിലെ വീട്ടിൽ നിന്നും ദിലീപ് എത്തിയത്.
'പ്രതികളുടെ മൊഴികളിൽ പൊരുത്തക്കേട്'
ഇവരെത്തുന്നതിന് തെട്ടുമുന്‍പായി ബൈജു, അപ്പു എന്നീ പ്രതികൾ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയിരുന്നു. മാധ്യമപ്രവർത്തകരുടെ തുടർച്ചയായ ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് രണ്ടാം ദിവസവും പ്രതികൾ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് പ്രവേശിച്ചത്. ഞായറാഴ്ച ഒരോ പ്രതികളെയും ഒറ്റയ്ക്ക് ഇരുത്തിയായിരുന്നു ചോദ്യം ചെയ്‌തത്. പ്രതികളുടെ മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തി.
ഈ സാഹചര്യത്തിൽ ഇന്നത്തെ ചോദ്യം ചെയ്യൽ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ന് പ്രതികളെ ഒരുമിച്ച് ഇരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ദിലീപിന്‍റെ വീട്ടിലും സിനിമ നിർമാണ കമ്പനിയിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലവും ഇന്ന് ലഭിക്കും.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികളെ ചോദ്യം ചെയ്യും. ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
ചോദ്യം ചെയ്യൽ നിർണായകം
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ ഒന്‍പത് മുതൽ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ വീഴ്‌ച വരുത്തിയാൽ ഗുരുതരമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം ഈ മാസം 27 വരെ പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിൻ്റെ വിവരങ്ങൾ മുദ്രവെച്ച കവറിൽ വ്യാഴാഴ്ച പ്രോസിക്യൂഷൻ ഹാജരാക്കണം.
മൂന്ന് ദിവസം 11 മണിക്കൂർ വീതം 33 മണിക്കൂർ സമയം പ്രതികള ചോദ്യം ചെയ്യാൻ അവസരം ലഭിച്ച സാഹചര്യത്തിൽ പ്രതികളിൽ നിന്നും പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ചിന്‍റെ ലക്ഷ്യം. ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലും നിലവിലെ ചോദ്യം ചെയ്യൽ നിർണായകമാണ്.
ALSO READ: സിപിഎമ്മിന് ധാർഷ്‌ട്യം; ഹാലിളകി നടക്കുന്ന അണികളെ നേതാക്കള്‍ നിയന്ത്രിക്കണമെന്ന് വിഡി സതീശൻ
ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പരസ്‌പരം ആശയ വിനിമയം നടത്തിയും അഭിഭാഷകരുടെ ഉപദേശം ലഭിച്ചും ചോദ്യം ചെയ്യലിനെ നേരിടുന്ന പ്രതികളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്. ക്രൈംബ്രാഞ്ച് എസ്.പി.മോഹന ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.