എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളുടെ ഫോണുകൾ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഫോണുകൾ ആലുവ കോടതിയിൽ എത്തിച്ചത്. ഫോണുകൾ കോടതിയുടെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. കോടതി നിർദേശപ്രകാരം പ്രതികൾ തിങ്കളാഴ്‌ച ഹൈക്കോടതിയിൽ സമർപ്പിച്ച ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ തിങ്കളാഴ്‌ച തന്നെ ആലുവ കോടതിയിൽ നൽകാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.
ഇതോടെ അന്വേഷണ സംഘത്തിന് ഫോണുകൾക്കായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ കഴിയും. ഫോണുകൾ അന്വേഷണ സംഘത്തിന് നേരിട്ട് കൈമാറുന്നതിനെ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ശക്തമായി എതിർത്തിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട സുപ്രധാനമായ ഒന്നാം നമ്പർ ഐ ഫോൺ പ്രതി നൽകിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്.
Also case: ഗൂഢാലോചന കേസ്: ഫോണുകൾ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി
അന്വേഷണ ഉദ്യാഗസ്ഥരും ദിലീപിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ കോടതിയിൽ സമർപ്പിച്ച ഫോണുകൾ പരിശോധിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ഫോണുകൾ സംബന്ധിച്ച വിശദാംശങ്ങൾ കോടതിയെ അറിയിച്ചത്. അതേസമയം ദിലീപ് നൽകാത്ത ഫോണിന്‍റെ വിശദംശങ്ങളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്.