തിരുവനന്തപുരം : കിറ്റെക്‌സിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് ഡിജിപി. എഡിജിപി മുതല്‍ മുകളിലോട്ടുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് ഡിജിപി അനില്‍കാന്ത് വിളിച്ചിരിക്കുന്നത്.
പൊലീസ് ആസ്ഥാനത്താണ് യോഗം. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിലുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തി അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ഇവര്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ എവിടെ നിന്നാണ് ലഭിക്കുന്നത്. തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ആരൊക്കെയാണ്, എന്നീ കാര്യങ്ങള്‍ കണ്ടെത്തണം.
അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തണം. തൊഴിലാളികളുടെ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ കൂടി ഇതിനുള്ള സംഘങ്ങളില്‍ ഉള്‍പ്പെടുത്തണം. പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്ത രീതിയിലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ കിറ്റെക്സ് തൊഴിലാളികളുടെ അക്രമം : കൂടുതല്‍ പേര്‍ പ്രതികളാകും
തൊഴിലാളികളെ ശത്രുക്കളായി കണ്ടുള്ള നടപടികള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഡിജിപി നല്‍കിയ നിര്‍ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഉന്നതതല യോഗം ചേരുന്നത്. അതേസമയം കിഴക്കമ്പലം സംഭവത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സ പൊലീസ് ഏറ്റെടുത്തു.
അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് പൊലീസ് ഫണ്ടില്‍ നിന്നും വഹിക്കുമെന്ന് ഡിജിപി അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം നല്‍കാനും തീരുമാനമാനമായി.
ALSO READ കോഴിക്കോട് വന്‍ തീപിടിത്തം ; ലക്ഷങ്ങളുടെ നാശനഷ്‌ടം