എറണാകുളം: അച്ഛന് കരൾ പകുത്തുനൽകി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ തൃശൂർ സ്വദേശി ദേവനന്ദ, ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ഹൈക്കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലായിരുന്നു അച്ഛൻ പിജി പ്രതീഷിന് കരൾ നൽകാൻ ദേവനന്ദയ്ക്ക് അനുമതി ലഭിച്ചത്. ഒന്‍പതാം തിയതി ആലുവ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
ഒന്‍പത് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഫെബ്രുവരി 18നാണ് ദേവനന്ദ ആശുപത്രി വിട്ടത്. ആലുവ രാജഗിരി ആശുപത്രിയിലെ കരൾ മാറ്റിവയ്ക്കൽ വിദഗ്‌ധന്‍ ഡോ. രാമചന്ദ്ര നാരായണ മേനോന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോക്‌ടർമാരായ ജോൺ ഷാജി മാത്യു, ജോസഫ് ജോർജ്, സിറിയക് എബി ഫിലിപ്പ്, ജോർജ് ജേക്കബ്, ശാലിനി രാമകൃഷ്ണൻ, ജയശങ്കർ എന്നിവരും പങ്കാളികളായിരുന്നു. 17 വയസ് പ്രായുള്ള ദേവനന്ദ രാജ്യത്തെ പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയിരിക്കുകയാണന്ന് ആശുപത്രിയിൽ നടന്ന അനുമോദന ചടങ്ങിൽ ശസ്ത്രക്രിയ നടത്തിയ ആലുവ രാജഗിരി ആശുപത്രി അധികൃതർ അറിയിച്ചു.
മുഴുവൻ ചികിത്സാചെലവും ഏറ്റെടുത്ത് ആശുപത്രി: ചെറുപ്രായത്തിൽ ദേവനന്ദ കാണിച്ച വലിയ മനസിനെ പരിഗണിക്കുന്ന തീരുമാനമാണ് ആശുപത്രി അധികൃതർ സ്വീകരിച്ചത്. ദേവനന്ദയുടെ മുഴുവൻ ചികിത്സാചെലവും ഏറ്റെടുത്ത് കുട്ടിയ്‌ക്കും കുടുംബത്തിനും താങ്ങായി മാറാനും ആശുപത്രിക്ക് കഴിഞ്ഞു. തൃശൂർ സേക്രഡ്
ഹാർട്ട് കോൺവെന്‍റ് സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിനിയാണ് ദേവനന്ദ. വലിയ പരീക്ഷണത്തെ അതിജീവിച്ച കരുത്തോടെയായിരിക്കും മാർച്ചിൽ നടക്കുന്ന സ്‌കൂള്‍ പരീക്ഷ 17കാരി നേരിടുക. തൃശൂരിൽ കഫേ നടത്തിയിരുന്ന 48കാരനായ പ്രതീഷിന് കരൾ അർബുദം ബാധിച്ച് അവയവം പൂർണമായും പ്രവർത്തന രഹിതമായതോടെയാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയയാണ് ഏക പോംവഴിയെന്ന് ഡോക്‌ടർമാർ വിധിയെഴുതിയത്.
നിയമപോരാട്ടം, ഒടുവില്‍ അനുകൂല വിധി: കരൾ ദാതാവിനെ കണ്ടെത്താനാവാതെ പ്രയാസപ്പെടുന്നതിനിടെയാണ് 17കാരിയായ മകൾ കരൾ നൽകാൻ തയ്യാറായി രംഗത്തെത്തിയത്. എന്നാൽ, 18 വയസ് പൂർത്തിയാകാത്തതിനാൽ നിലവിലെ നിയമപ്രകാരം അവയവദാനത്തിന് കഴിയുമായിരുന്നില്ല. ഇതോടെ ദേവനന്ദ ഹൈക്കോടതിയെ സമീപിച്ച് നിയമപോരാട്ടം നടത്തുകയായിരുന്നു. ഹൈക്കോടതി രൂപീകരിച്ച മെഡിക്കൽ ബോർഡിന് മുന്‍പില്‍ എല്ലാ രേഖകളും ഹാജരാക്കി. ഒടുവിൽ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി നേടുകയും ചെയ്‌തു. ഇതോടെയാണ് 17കാരിക്ക് അച്ഛന് കരൾ നൽകി ജീവിതത്തിലേക്ക് നയിക്കാനുള്ള അപൂർവ നിയോഗമുണ്ടായത്.
ഹൈക്കോടതി സിംഗിൾ ബഞ്ചാണ് ദേവനന്ദയ്‌ക്ക് കരള്‍ പകുത്തുനല്‍കാന്‍ അനുമതി നല്‍കിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയില്‍ നിന്നും അവയവം സ്വീകരിക്കാന്‍ നിയമ തടസമുണ്ടായിരുന്നു. തുടർന്ന് ദേവനന്ദ നല്‍കിയ റിട്ട് ഹര്‍ജിയിന്മേലാണ് അനുകൂല വിധി. 2022 ഡിസംബര്‍ 21 ന് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്ന് അനുമതി നല്‍കിയ ശേഷം ഹൈക്കോടതി വ്യക്തമാക്കി. അവയവ കൈമാറ്റ നിയന്ത്രണ നിയമ പ്രകാരം പ്രത്യേക മെഡിക്കൽ സാഹചര്യങ്ങളിൽ മാത്രമാണ് പ്രായപൂർത്തിയാകാത്തവർക്ക് അവയവമോ കോശങ്ങളോ ദാനം ചെയ്യാവൂവെന്ന വ്യവസ്ഥയായിരുന്നു തടസമായി മാറിയത്. തുടർന്നാണ് കുട്ടി കോടതിയെ സമീപിച്ചത്.