എറണാകുളം: പോക്സോ കേസിൽ പ്രതികളാകുന്ന അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ വിലക്കില്ലെന്ന് ഹൈക്കോടതി. നടപടിയെടുക്കാൻ കോടതി വിധി വരുന്നതുവരെ കാത്തു നിൽക്കേണ്ട ആവശ്യമില്ല. സ്‌കൂള്‍ അടച്ചുപൂട്ടാൻ മാനേജർ തീരുമാനിച്ചാൽ സർക്കാരിന് തടയാനാവില്ലെന്നും ഹൈക്കോടതി ഉത്തരവ്.
ഹയർ സെക്കൻഡറി അധ്യാപികയുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശങ്ങൾ. പോക്സോ കേസിൽ പ്രതികളാകുന്ന അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഭൂരിഭാഗം സംഭവങ്ങളിലും പ്രതികളായ അധ്യാപകർക്കെതിരെ അധികാരികൾ അച്ചടക്കനടപടി പൂർത്തിയാക്കുന്നില്ല.
കോടതി നടപടികൾ പൂർത്തിയാകാതെ അച്ചടക്കനടപടി പാടില്ലെന്ന ധാരണ ശരിയല്ല. അച്ചടക്ക നടപടിയും നിയമനടപടിയും രണ്ടാണ്. നടപടിയെടുക്കാൻ കോടതി വിധി വരുന്നതുവരെ കാത്തു നിൽക്കേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് രാജ വിജയ രാഘവന്‍റെ ഉത്തരവിൽ പറയുന്നു.
നിലവിലെ നിയമപ്രകാരം സ്‌കൂള്‍ അടച്ചുപൂട്ടാൻ മാനേജർ തീരുമാനിച്ചാൽ തടയാനാവില്ലെന്നും ഉത്തരവിലുണ്ട്. ഒരു വർഷം മുൻപ് നോട്ടീസ് നൽകി മാനേജർക്ക് സ്‌കൂള്‍ അടച്ചുപൂട്ടാം. അടച്ചുപൂട്ടൽ അല്ല നയമെന്ന പേരിൽ സർക്കാരിന് ഇത് തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.