എറണാകുളം: അതിഥി ദേവോ ഭവഃ സംഗീത ആൽബം പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ് . കൊവിഡ് കാലത്ത് അതിഥി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ നൽകിയ സേവനങ്ങൾ സംഗീത ആൽബത്തിലൂടെ ചിത്രീകരിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. അതിഥി ദേവോ ഭവഃ എന്ന ഹിന്ദി ആൽബം മോട്ടോർ വാഹന വകുപ്പ് പെരുമ്പാവൂർ സബ്ബ് ഓഫീസാണ് തയാറാക്കിയത്. ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ദുരിതത്തിലേക്ക് നീങ്ങാൻ സാധ്യതയുള്ളവരായിരുന്നു അതിഥി സംസ്ഥാന തൊഴിലാളികൾ. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ പിന്തുണയോടെ , കേരളത്തിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ള എറണാകുളം ജില്ല ഈ വിഷയം ഏറെ മാതൃകാപരമായാണ് കൈകാര്യം ചെയ്തത്.
അതിഥി തൊഴിലാളികളെ വിശ്വാസത്തിലെടുത്ത പദ്ധതികളാണ് ജില്ലാ ഭരണകൂടം നടപ്പിലാക്കിയത്. ഇതിന് നേതൃത്വം നൽകിയതാവട്ടെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാറും. പൊതുഗതാഗതം നിർത്തിയതോടെയാണ് സ്വന്തം നാടുകളിലേക്ക് തിരികെ പോകാൻ കഴിയാതെ അതിഥി തൊഴിലാളികൾ കേരളത്തിൽ കുടുങ്ങിയത്. ലോക്ഡൗണിനെ തുടർന്ന് ജോലി നിന്നതോടെ വരുമാനവും ഇല്ലാതായി. ദിവസ വാടകക്ക് താമസിച്ചിരുന്നവർക്ക് ഉടമസ്ഥർ താമസം നിഷേധിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയത്. ഇവർക്കു വേണ്ട ഭക്ഷണം ക്യാമ്പുകളിൽ എത്തിച്ചു നൽകി. ഉത്തരേന്ത്യൻ - ദക്ഷിണേന്ത്യൻ രീതിയിലുള്ള ഭക്ഷണങ്ങൾ തന്നെ ക്യാമ്പുകളിൽ വിതരണം ചെയ്തു. ചപ്പാത്തി വേണ്ടവർക്ക് ചപ്പാത്തി നിർമ്മിക്കുന്ന യന്ത്രം വരെ എത്തിച്ചു നൽകി.
പൊലീസും മോട്ടോർ വാഹന വകുപ്പും തദ്ദേശ സ്ഥാപനങ്ങളും തൊഴിൽ വകുപ്പും സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലുമാണ് ആൽബം ഷൂട്ട് ചെയ്തത്. സമൂഹ അടുക്കള, സൗജന്യ ചികിത്സ, രോഗ നിർണയത്തിനായുള്ള മൊബൈൽ ക്ലിനിക് സംവിധാനങ്ങൾ, ക്യാമ്പുകൾ മറ്റ് സുരക്ഷാ സൗകര്യങ്ങൾ എന്നീ പ്രവർത്തനങ്ങളാണ് ആൽബത്തിലുള്ളത്. കേരളത്തിനു പുറത്തേക്കും പ്രവർത്തനങ്ങൾ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് വരികൾ ഹിന്ദിയിൽ ചെയ്തത്. ഷിംജാദ് ഹംസയാണ് സംവിധായകൻ. ഡോ.മഹേഷ്.എസ് രചിച്ച വരികൾക്ക് എൽദോ .പി .ജോൺ സംഗീതം നിർവഹിച്ചു. നിധിൻ കൂട്ടുങ്കലാണ് ആലപിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികൾക്കിടയിലും ഇതര സംസ്ഥാനങ്ങളിലും ഈ ആൽബത്തിന് വൻ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.