കൊച്ചി: മരടിൽ സ്ഫോടനത്തിലൂടെ തകർക്കുന്ന ആദ്യത്തെ ഫ്ലാറ്റായ ഹോളി ഫെയ്ത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങി. ഫ്ലാറ്റിൽ എത്തിയ സ്ഫോടക വിദഗ്ധരുടെ നേതൃത്വത്തിലാണ് സ്ഫോടകവസ്തുക്കൾ നിറക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫിസ് എഞ്ചിനീയറിങ്ങാണ് സ്ഫോടനം നടത്തുന്നത്. അങ്കമാലിയിലെ ഗോഡൗണിൽ നിന്ന് ഇന്നലെ രാവിലെയാണ് ഹോളി ഫെയ്ത്ത് ഫ്ലാറ്റിലേക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ചത്. രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന സമയം.
അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടക വസ്തുക്കളാണ് നിയന്ത്രിത സ്ഫോടനത്തിനായി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഫ്ളാറ്റുകളിലേയ്ക്ക് പ്രവേശിക്കുന്നതിന് ശക്തമായ നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. തൊഴിലാളികൾ പോലും മൊബൈൽ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ശക്തമായ താക്കീതും നൽകിയിട്ടുണ്ട്.
അതേസമയം ജനസാന്ദ്രത കുറഞ്ഞ ഫ്ലാറ്റുകൾ ആദ്യം പൊളിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം കമ്പനികൾ ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സബ് കലക്ടറുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന സാങ്കേതിക സമിതി യോഗത്തിലും തീരുമാനമായില്ല. ഒഴിപ്പിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് യോഗം ചേരുന്നുണ്ട്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ കണക്കെടുപ്പ് അനുസരിച്ച് 290 കുടുംബങ്ങളെയാണ് പൊളിക്കുന്നതിനു മുൻപ് ഫ്ളാറ്റുകളുടെ പരിസരത്ത് നിന്നും മാറ്റേണ്ടത്. കൂടാതെ പൊളിക്കുന്ന ഫ്ലാറ്റുകളുടെ 200 മീറ്റർ പരിധിയിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ളവ അനുവദിക്കുന്നില്ലെന്നും ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നടപടി ഉണ്ടാകുമെന്നും സബ് കലക്ടർ അറിയിച്ചു. മരടിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലേ മെറിഡിയനും ഈ പരിധിയിൽ ഉൾപ്പെടും.