എറണാകുളം: സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടൻ ദീലിപിന്‍റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കോടതി നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.മലയാളി വാര്‍ത്ത, മെട്രോ മാറ്റിനി, ബി ഫോർ മലയാളം, മഞ്ചുമോന്‍ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെയും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
സമൂഹ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും തന്നെയും അച്ഛനെയും അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രസ്തുത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജതലക്കെട്ടുകള്‍ ചമച്ച് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്‍റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസിലായത് എന്നിങ്ങനെയുളള അപകീര്‍ത്തികരമായ തലക്കെട്ടുകളോടെയായിരുന്നു വാര്‍ത്ത നല്‍കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആലുവ ഈസ്റ്റ് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. ആലുവ ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയതായും പരാതി ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്കിന് കത്തയച്ചതായും പൊലീസ് അറിയിച്ചു. ഫെയ്സ്ബുക്കില്‍ നിന്നും മറുപടി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും അന്വേഷണം പുരോഗമിക്കുക.2020 ഒക്ടോബര്‍ 28നാണ് മീനാക്ഷി പൊലീസിൽ പരാതി നല്‍കിയത്.