എറണാകുളം : മലബാർ സിമന്‍റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്‍റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തുടരന്വേഷണം ആവശ്യമില്ലെന്ന എറണാകുളം സിജെഎം കോടതി ഉത്തരവ് ജസ്റ്റിസ് പി സോമരാജന്‍റെ ബഞ്ച് തള്ളി. 4 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് കോടതി നിർദേശം നൽകി.
ശശീന്ദ്രന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്ന എറണാകുളം സിജെഎം കോടതി വിധിക്കെതിരെ സഹോദരനും ക്രൈം നന്ദകുമാറും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. ശശീന്ദ്രന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളിൽ വിശദമായ അന്വേഷണം നടത്താനും സിബിഐക്ക് നിർദേശം നൽകി. ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘം രൂപീകരിക്കണം.
നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനും ജസ്റ്റിസ് പി സോമരാജൻ ഉത്തരവിട്ടു. 2011 ജനുവരി 24 നാണ് ശശീന്ദ്രനെയും മക്കളെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ശശീന്ദ്രൻ ആത്മഹത്യ ചെയ്‌തു എന്നായിരുന്നു സിബിഐയുടെ നേരത്തെയുള്ള കണ്ടെത്തൽ.