എറണാകുളം: അവിനാശി അപകടത്തിൽ മരിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് യാത്രാമൊഴി. കണ്ടക്‌ടർ വി.ആർ ബൈജുവിന്‍റെ സംസ്‌കാരം പിറവം വെളിയനാടുള്ള വീട്ടുവളപ്പിൽ നടന്നു. നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. സഹജീവികളെ സഹായിക്കുന്നതിൽ ഏറെ താൽപര്യം കാട്ടിയിരുന്ന മനുഷ്യൻ എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. പ്രളയ നാളിൽ ബെംഗളൂരുവിൽ നിന്നും ദുരിതാശ്വാസ സഹായം സ്വന്തം നാട്ടിലെത്തിക്കുന്നതിനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. കെഎസ്ആർടിസിയിലെ സഹപ്രവർത്തകർക്കും ബൈജുവിനെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം. അന്തിമോപചാരം അർപ്പിക്കാനും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനും ആയിരങ്ങൾ എത്തിയതോടെ നിശ്ചയിച്ചതിലും വൈകിയാണ് സംസ്‌കാരം നടന്നത്. ജനപ്രതിനിധികളും കെഎസ്ആർടിസിയിലെ സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെ സമൂഹത്തിന്‍റെ നാനാ തുറകളിൽ പെട്ടവരാണ് പിറവം വെളിനാടുള്ള ബൈജുവിന്‍റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
ബൈജുവിന്‍റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത സഹപ്രവർത്തകരുടെ സൗകര്യം പരിഗണിച്ചാണ് ഗിരീഷിന്‍റെ സംസ്‌കാരം വൈകിപ്പിച്ചത്. ഗിരീഷിന്‍റെ സംസ്‌കാരം പെരുമ്പാവൂർ ഒക്കലിലെ എസ്.എൻ.ഡി.പി പൊതു ശ്‌മശാനത്തില്‍ നടന്നു. നാട്ടുകാരും സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെ ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനും എത്തി ചേർന്നത്. നാട്ടുകാർക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു വി.ഡി. ഗിരിഷ്. ബെംഗളൂരുവിൽ നിന്നുള്ള യാത്രാമധ്യേ കുഴഞ്ഞു വീണ യാത്രക്കാരിക്ക് സമയത്ത് ചികിത്സ നൽകി ജീവൻ രക്ഷിച്ച സംഭവം തന്നെയാണ് ഇരുവരുടെയും സർവീസ് ജീവിതത്തിലെ തിളങ്ങുന്ന സംഭവമാകുന്നത്. സംഭവത്തിൽ അഭിനന്ദനമറിയിച്ച അന്നത്തെ കെഎസ്ആർടിസി എം.ഡിയും ക്രൈബ്രാഞ്ച് എഡി.ജി.പിയുമായ ടോമിൻ തച്ചങ്കരി ഇരുവരുടെയും വീടുകളിലെത്തി അന്തിമോപചാരം അർപ്പിച്ചു.
അപകടത്തിൽ മരിച്ച യാത്രക്കാരുടെ സംസ്‌കാരവും വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സ്വദേശങ്ങളിൽ നടന്നു. അങ്കമാലി കിടങ്ങൻവീട്ടിൽ ജിസ്മോൻ ഷാജുവിന്‍റെ മൃതദേഹം വീടിനു സമീപത്തെ സെന്‍റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ഇടപ്പള്ളി സ്വദേശി ഐശ്വര്യയുടെ മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ചിരുന്നു. പൊതുദർശനത്തിനു ശേഷം എളമക്കരയിലെ ശ്‌മശാനത്തിലാണ് ഐശ്വര്യയുടെ മൃതദേഹം സംസ്‌കരിച്ചത്. ഹൈക്കോടതി ജീവനക്കാരി വരദയുടെ മകൾ ഗോപികയുടെ സംസ്‌കാരം തൃപ്പൂണിത്തുറയിൽ നടന്നു. തിരുവാണിയൂർ സ്നേഹതീരം ശ്രീശങ്കരത്തിൽ വീട്ടിൽ ശിവശങ്കറിന്‍റെ മൃതദേഹം രാവിലെ 11 മണിയോടെയാണ് ശാന്തിതീരം പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചത്.