കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നതില്‍ പ്രതിക്ഷേധിച്ച് നടത്തുന്ന ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത ഹൈക്കോടതിയുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്.
പ്രവര്‍ത്തകര്‍ മരണപ്പെട്ടതിന്‍റെ സ്വഭാവിക പ്രതികരണമെന്ന നിലക്കാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അക്രമത്തിന് ആരും ആഹ്വാനം ചെയ്തിട്ടില്ല. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസില്‍ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്‍റെ എതിരാളികള്‍ ആയി എന്ന കാരണം കൊണ്ട് മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തെങ്ങും അക്രമം അഴിച്ച് വിടുന്ന രീതിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും ഡീന്‍ കുറ്റപ്പെടുത്തി.
അര്‍ദ്ധരാത്രിക്ക് ശേഷം ഹര്‍ത്താര്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന് കാണിച്ച് ചേംബര്‍ ഓഫ് കൊമേഴ്സും മറ്റ് സംഘടനകളും ചേര്‍ന്ന് നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. അതേ സമയം കൊലപാതകത്തില്‍ പ്രതിക്ഷേധിച്ച് സിപിഎമ്മിനെയും ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.