എറണാകുളം: തൃക്കാക്കര ബലാത്സംഗക്കേസിൽ ആഴത്തിലുളള അന്വേഷണം ആവശ്യമാണെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍. പരാതിയിൽ കൂടുതൽ വ്യക്തത വന്നശേഷമേ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂ. ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പിആർ സുനുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഡിസിപി പറഞ്ഞു.
'പത്ത് പേര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍ അഞ്ച് പേരെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരെ മാത്രമേ ഇതുവരെ ചോദ്യം ചെയ്‌തിട്ടുളളൂ'.
'രണ്ട് പേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. കേസില്‍ മൂന്നാം പ്രതിയായ കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ ഇൻസ്പെക്‌ടര്‍ പിആർ സുനുവിനെ ചോദ്യം ചെയ്‌ത് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. രണ്ടാം ദിവസം ചോദ്യം ചെയ്യലിനായി സി.ഐ ഹാജരായിട്ടുണ്ടെന്ന്' അദ്ദേഹം വ്യക്തമാക്കി'.
'നേരത്തെ തന്നെ വകുപ്പ് തല നടപടികൾക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് സി.ഐ പി.ആർ സുനു. ഇയാൾക്കെതിരെ നിലവിൽ ഒരു കേസിൽ വിചാരണ നടക്കുന്നുണ്ടന്നും ഡി.സി.പി ശശിധരൻ വ്യക്തമാക്കി. ഇങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥന് സി.ഐ ആയി പ്രമോഷൻ കിട്ടിയത് എങ്ങനെയെന്ന് പരിശോധിച്ച് പറയാമെന്നും' ചോദ്യങ്ങൾക്ക് മറുപടിയായി ഡി.സി.പി പ്രതികരിച്ചു.