എറണാകുളം: സ്വകാര്യബസിന്‍റെ മത്സരയോട്ടത്തിൽ ജീവൻ നഷ്ടമായ കൊച്ചി സ്വദേശി ലോറൻസ് വർഗീസിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ പെൺമക്കളുടെ പ്രതിഷേധം. ഒക്ടോബര്‍ എട്ടാം തിയതിയായിരുന്നു തോപ്പുംപടിയിൽ വച്ച് റോഡരികിൽ നടന്നു പോവുകയായിരുന്ന ലോറൻസിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചായിരുന്നു പ്രാഥമിക ചികിത്സ നൽകിയത്.
തുടർ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. വിദഗ്‌ധ ചികിത്സ ലഭിക്കുന്നത് വൈകിയതിനാലാണ് മരണം സംഭവിച്ചതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നെങ്കിലും അപകടത്തിനിടയാക്കിയ ബസ് ഡ്രൈവറെ ഒമ്പത് ദിവസം കഴിഞ്ഞിട്ടും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഡ്രൈവർ ഒളിവിൽ പോയതിനാലാണ് പിടികൂടാൻ കഴിയാത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. ലോറൻസിന് നീതി വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു കെ.എൽ.സി.എ.കൊച്ചി രൂപത തോപ്പുംപടിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ഈ പ്രതിഷേധ റാലിയിലിയിലാണ് ലോറൻസിന്‍റെ പെൺമക്കളായ അന്നയും അഞ്ജുവും പങ്കെടുത്ത് പ്രതിഷേധം അറിയിച്ചത്. തോപ്പുംപടി കാത്തലിക്ക് സെന്‍ററില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി ഫാ.സണ്ണി ആട്ടപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്‌തു. തോപ്പുംപടി പൊലീസ് സ്റ്റേഷന് സമീപമായിരുന്ന പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.