നാടിന് മുഴുവൻ അറിവിന്‍റെ വെളിച്ചവും പെരുമ്പാവൂരുകാര്‍ക്ക് അഭിമാന നിമിഷങ്ങളും സമ്മാനിച്ച ഡോ ഡി ബാബു പോളിന് ജന്മനാട്ടിൽ അന്ത്യനിദ്ര. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയും വിശ്വാസാചാരങ്ങളോടെയും വൈകിട്ട് നാലിനായിരുന്നു സംസ്‌കാരം. കുറുപ്പംപടി സെന്‍റ് മേരീസ് കത്തീഡ്രലിൽ അന്ത്യവിശ്രമം കൊള്ളുന്ന അമ്മ മറിയത്തിന്റെ കല്ലറയിൽ തന്നെയാണ് ബാബു പോളും അന്ത്യവിശ്രമം കൊള്ളുന്നത്.
രാവിലെ 11 മണിയോടെയാണ് അടുത്ത ബന്ധുവായ അമ്മിണി ഡേവിസിന്റെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം പള്ളിയിലെത്തിച്ചു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. വൈകിട്ട് നാല് മണിയോടെ ഗാർഡ് ഓഫ് ഓണർ നൽകി സംസ്‌കാരം നടത്തി. സഭാസ്‌നേഹിയും അഗാധപാണ്ഡിത്യവുളള വ്യക്തിയായിരുന്നു ഡി ബാബുപോളെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.