കൊച്ചി : ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിൽ ഈ സെമസ്‌റ്റർ മുതൽ ആർത്തവ അവധി അനുവദിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി അനുവദിക്കുന്നത്. വിദ്യാർഥി യൂണിയന്‍റെ ഇടപെടലിനെ തുടർന്നാണ് പെൺകുട്ടികൾക്ക് ഒരോ സെമസ്‌റ്ററിലും രണ്ട് ശതമാനം അധിക അവധി നൽകാൻ സർവകലാശാല തീരുമാനിച്ചത്. ചെയർപേഴ്‌സണും ജനറൽ സെക്രട്ടറിയും വനിതകളായ യൂണിയന്‍റെ ഇടപെടലാണ് ഇതില്‍ ഫലം കണ്ടത്.
പെൺകുട്ടികളുടെ ദീര്‍ഘകാല ആവശ്യമായ വിഷയം അധികൃതർക്ക് മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് സർവകലാശാല യൂണിയന്‍റെ പ്രവർത്തനവിജയം കൂടിയാണ്. കുസാറ്റ് കാമ്പസിലും സർവകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് കാമ്പസുകളിലും ഇതോടെ വിദ്യാർഥിനികൾക്ക് അവധി ലഭിക്കും. സർവകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്ന സുപ്രധാന തീരുമാനമാണ് സർവകലാശാലയെടുത്തത്.
ആര്‍ത്തവ അവധി ഇങ്ങനെ : ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അവധിയെടുക്കുന്നവരുടെ ഹാജർ നില എഴുപത്തിയഞ്ച് ശതമാനത്തിൽ കുറവാണെങ്കിൽ ഇതുവരെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമാണ് പരീക്ഷയെഴുതാൻ കഴിയുക. എന്നാൽ ആർത്തവ അവധി നിലവിൽ വന്നതോടെ പെൺകുട്ടികൾക്ക് കാരണം കാണിക്കാതെ രണ്ട് ശതമാനം അധിക അവധിയെടുക്കാനാണ് അവസരം ലഭിക്കുന്നത്.
കുസാറ്റിലെ ആർത്തവ അവധി; ചരിത്രപരമായ തീരുമാനത്തിന് പിന്നിൽ വനിത യൂണിയൻ ഭാരവാഹികൾ
കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി യൂണിയൻ ഭാരവാഹികൾ പെൺകുട്ടികളായപ്പോൾ സംസ്ഥാനത്ത് തന്നെ ആദ്യമായി ആർത്തവ അവധി എന്ന ആശയം ഉണ്ടാക്കിയെടുത്ത യൂണിവേഴ്‌സിറ്റി എന്ന ഖ്യാതിയും കുസാറ്റിന് സ്വന്തം. ഇതുസംബന്ധിച്ച് ഓരോ സെമസ്‌റ്ററിലും രണ്ട് ശതമാനം അധിക അവധി ആനുകൂല്യം അനുവദിച്ചുള്ള ഉത്തരവില്‍ വൈസ് ചാൻസലർ ഒപ്പുവച്ചു.
പെണ്‍കരുത്തിന്‍റെ വിജയം : ഈ ചരിത്രപരമായ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചത് എസ്എഫ്ഐ നേതൃത്വം നല്‍കുന്ന യൂണിയനാണ്. എട്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ചെയർപേഴ്‌സണും ജനറൽ സെക്രട്ടറിയും വനിതകളാവുന്നത്. അവസാന വർഷ എൽഎൽബി വിദ്യാർഥിയായ നമിത ജോർജാണ് ചെയർപേഴ്‌സണ്‍. പാലക്കാട് മംഗലംഡാം കട്ടക്കൽ വീട്ടിൽ റിട്ട. അധ്യാപകൻ കെ.എം ജോർജിന്‍റെയും അധ്യാപികയായ ബീനാമ്മയുടെയും രണ്ടാമത്തെ മകളാണ്. വൈക്കം സ്വദേശിനി മേഘ ലൗജനാണ് ജനറൽ സെക്രട്ടറി. ഡിസംബര്‍ 22 ന് പുതിയ യൂണിയൻ ഭാരവാഹികൾ ചുമതലയേറ്റെടുത്തതിന് ശേഷം 23 ന് തന്നെ പ്രസ്‌തുത ആവശ്യം ഇവര്‍ യൂണിവേഴ്‌സിറ്റി അധികൃതരുമായി സംസാരിച്ചിരുന്നു.
'അവധി' വന്ന വഴി : തുടർന്ന് ക്രിസ്‌മസ് അവധിക്ക് ശേഷം ജനുവരി മൂന്നിന് രേഖാമൂലം അപേക്ഷ നല്‍കുകയും തുടർന്നുള്ള ചർച്ചയ്ക്ക് ശേഷം വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കുകയുമായിരുന്നു. മറ്റ് സര്‍വകലാശാലകളിൽ കൂടി ഇത്തരത്തിലുള്ള തീരുമാനം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുമെന്ന് ചെയർപേഴ്‌സണ്‍ നമിത പറഞ്ഞു. എസ്എഫ്ഐ എന്ന പ്രസ്ഥാനത്തിന്‍റെ പിൻബലം ഇത്തരം ഇടപെടൽ നടത്തുന്നതിന് കരുത്തായതായും നമിത കൂട്ടിച്ചേര്‍ത്തു.