എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിന്‍റെ അനന്തരഫലമെന്തെന്ന് ബോധ്യപ്പെടുത്തിയേ മതിയാകൂവെന്ന് പ്രോസിക്യൂഷനോട് കോടതി പറഞ്ഞിരുന്നു. മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്.
അതേസമയം ക്രൈംബ്രാഞ്ചിന്‍റെ ഹർജിയിൽ ദിലീപ് ഇന്ന് കക്ഷി ചേരാന്‍ അനുമതി തേടും. പ്രതി ഭാഗത്തിന്‍റെ വാദം കൂടി കേൾക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിലപാടെടുത്തിരുന്നു. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജിയും ക്രൈംബ്രാഞ്ചിന്‍റെ ഹർജിയ്‌ക്കൊപ്പം പരിഗണിക്കും.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഭരണമുന്നണിയിലെ ഉന്നതരുടെ സ്വാധീനത്താൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് നടിയുടെ സമര്‍പ്പിച്ച ഹർജിയിലെ ആക്ഷേപം.
Also Read Actress Attack Case | ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ജൂണ്‍ 28ന്