കൊച്ചി: എറണാകുളം കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയ ഫണ്ട് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്‌തു. പ്രളയദുരിതാശ്വാസ നിധിയില്‍ നിന്നും 73 ലക്ഷം രൂപയുടെ തിരിമറി നടന്നെന്ന എഡിഎമ്മിന്‍റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് കലക്ടറേറ്റ് ജീവനക്കാരൻ പ്രതിയായ പ്രളയ ഫണ്ട് തട്ടിപ്പ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എറണാകുളം കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
ഫണ്ട് വിതരണത്തിന്‍റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ വിഷ്‌ണു പ്രസാദ് സി.പി.എം തൃക്കാക്കര ലോക്കൽ കമ്മറ്റി അംഗം അൻവറിന്‍റെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപയും മറ്റൊരു സി.പി.എം പ്രാദേശിക നേതാവ് നിധിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്കും ഫണ്ട് കൈമാറിയതായും കണ്ടെത്തിയിരുന്നു. പ്രളയ ഫണ്ട് തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇത് ശരിവക്കുന്നതാണ് പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട പുതിയ കേസ്.