എറണാകുളം: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. പ്രതികളെ ഒരുമിച്ച് ഇരുത്തിയാണ് രണ്ടാം ദിവസം ചോദ്യം ചെയ്‌ത്.
കൂടാതെ ദിലീപിന്‍റെ നിർമാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ ജീവനക്കാരനെയും തിരക്കഥാകൃത്ത് റാഫിയെയും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചു വരുത്തിയിരുന്നു. നിര്‍മാണ കമ്പനിയില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ വ്യക്തത വരുത്താനാണ് ജീവനക്കാരനെ ചോദ്യം ചെയ്‌തതെന്നാണ് സൂചന.
ബാലചന്ദ്രകുമാറിൻ്റെ സിനിമയിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യമാണ് പുതിയ ആരോപണങ്ങൾക്ക് പിന്നിലെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് ചിത്രത്തിൻ്റെ തിരക്കഥാകൃത്തായിരുന്ന റാഫിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തത്. എന്നാൽ സിനിമയിൽ നിന്ന് പിന്മാറുന്ന കാര്യം തന്നെ അറിയിച്ചത് ബാലചന്ദ്രകുമാറായിരുന്നുവെന്ന് റാഫി പറഞ്ഞു.
"നടിയെ ആക്രമിച്ച കേസിൽ തുടന്വേഷണ സാധ്യത മങ്ങിയിട്ടില്ല"
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രൻ പറഞ്ഞു. ഗൂഢാലോചനയും നടിയെ ആക്രമിച്ചതും വ്യത്യസ്‌ത കേസുകൾ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംവിധായകരായ റാഫി, അരുൺ ഗോപി എന്നിവരെ വിളിച്ചു വരുത്തിയത് ഓഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിയാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവർക്ക് ഒപ്പമാണ് ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെയാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഓഫിസില്‍ നിന്നും മടങ്ങിയത്. കേസില്‍ പ്രതികളെ ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസം അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
ജനുവരി 23, 24, 25 തീയതികളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ എട്ട് മണി വരെ ചോദ്യം ചെയ്യാനാണ് കോടതിയുടെ നിര്‍ദേശം. ചോദ്യം ചെയ്യലിൻ്റെ വിവരങ്ങൾ മുദ്രവെച്ച കവറിൽ വ്യാഴാഴ്‌ച പ്രോസിക്യൂഷൻ ഹാജരാക്കണം.
മൂന്ന് ദിവസം പതിനൊന്ന് മണിക്കൂർ വീതം മുപ്പത്തിമൂന്ന് മണിക്കൂർ സമയം പ്രതികള ചോദ്യം ചെയ്യാൻ അവസരം ലഭിച്ച സാഹചര്യത്തിൽ പ്രതികളിൽ നിന്നും പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ചിന്‍റെ ലക്ഷ്യം. ചൊവ്വാഴ്‌ച രാവിലെ ഒമ്പത് മണി മുതൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.