എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ ക്രൈം ബ്രാഞ്ച് കൂടുതൽ തെളിവുകൾ വിചാരണക്കോടതിക്ക് കൈമാറി.സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുനശിപ്പിക്കരുത് തുടങ്ങിയ പ്രധാന ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ ആരോപണം. ഈയൊരു സാഹചര്യത്തിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ച് നേരത്തെ കോടതിയ്ക്ക് കൈമാറിയിരുന്നു. ഇതിന് പുറമെയാണ് അധിക തെളിവുകൾ വീണ്ടും വിചാരണാ കോടതിക്ക് കൈമാറിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ ശബ്ദരേഖ ഉൾപ്പടെയാണ് കൈമാറിയത്. അതേസമയം ദിലീപ് ഇന്നും എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല.
ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഈ മാസം 26 ന് പരിഗണിക്കാൻ മാറ്റി. കോടതി രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങനെ പുറത്തായെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ മെയ് 31 ന് പരിഗണിക്കാൻ മാറ്റി.
Also Read: ദിലീപിന് കുരുക്ക് മുറുക്കി നിര്‍ണായക ശബ്ദരേഖ: സുരാജും ഡോക്ടറും തമ്മിലുള്ള സംഭാഷണം പുറത്ത്
കളമശ്ശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്നത് നടിയെ ആക്രമിച്ച കേസുൾപ്പടെ അവലോകനം ചെയ്യുന്ന യോഗമാണെന്ന് ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. കോടതിയുടെ നിർദേശമനുസരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാവ്യ മാധവനെ ചോദ്യം ചെയ്യുന്ന കാര്യം അന്വേഷണത്തിന്‍റെ ഭാഗമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ആരെയും ചോദ്യം ചെയ്യുമെന്നും എഡിജിപി പറഞ്ഞു.
മാധ്യമങ്ങൾക്ക് അന്വേഷണ സംഘം വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശമുള്ളതിനാൽ വിവരങ്ങളൊന്നും നൽകാനാവില്ലെന്നും എ.ഡി.ജി.പി പറഞ്ഞു. അതേസമയം വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയത് അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.