എറണാകുളം: കളമശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ പ്രതിയായ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാർ പൊലീസ് പിടിയിൽ. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ അനിൽകുമാർ ഒളിവിൽ പോയിരുന്നു. ശേഷം ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.
ഇയാൾ മധുരയിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. അനിൽ കുമാർ പിടിയിലായതോടെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കും. ആലുവയിലെ അവിവാഹിതായ സ്‌ത്രീക്ക് കളമശേരി മെഡിക്കൽ കോളേജിൽ ജനിച്ച പെൺകുട്ടിയെ തൃപ്പൂണിത്തുറ സ്വദേശികൾ നിയമ വിരുദ്ധമായി ദത്തെടുത്തതാണ് കേസിനാസ്‌പദമായ സംഭവം.
അതിനായി ഇവർ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാറിന്‍റെ സഹായത്തോടെ സ്വന്തം പേരിൽ കുട്ടിയുടെ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിക്കുകയും ചെയ്‌തു. സംഭവത്തിന് കൂട്ടു നിന്നുവെന്ന് സംശയിക്കുന്ന നഗരസഭ ജീവനക്കാരി രഹനയുടെ തന്നെ പരാതിയിലാണ് കളമശേരി പൊലീസ് ആദ്യം അനിൽ കുമാറിനെതിരെ കേസെടുത്തത്. വിഷയം വിവാദമായതോടെ മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ പരാതിയിൽ രഹനക്കെതിരെയും കേസെടുത്തിരുന്നു.
വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കളമശേരി പൊലീസ് പ്രതിചേർത്തതിന് പിന്നാലെയാണ് ഒളിവിൽ പോയ പ്രതി അനിൽ കുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിത്. അതേസമയം ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍റെ നിർദേശപ്രകാരമാണ് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചതെന്നാണ് അനിൽ കുമാറിന്‍റെ ആരോപണം. സംഭവ ശേഷം തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽകുമാർ സൂപ്രണ്ടിന്‍റെ മുറിയിലെത്തി ക്ഷമാപണം നടത്തുന്ന ദൃശ്യങ്ങൾ ആശുപത്രി നേരത്തെ പുറത്ത് വിട്ടിരുന്നു.
വ്യാജ സർട്ടിഫിക്കറ്റ് കേസ് നിർമിക്കാൻ ശ്രമിച്ച തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതിമാരെ ഇതുവരെ കേസിൽ പ്രതിചേർത്തിട്ടില്ല.