എറണാകുളം: ഭയപ്പെടുത്തി കീഴ്‌പ്പെടുത്താൻ കഴിയില്ലന്ന് ആർ എസ് എസ് ഓർക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപ്പെടുത്താൻ കഴിഞ്ഞാലും തോൽപ്പിക്കാൻ കഴിയില്ല. സി.പി.എം അക്രമത്തിലും കൊലപാതകത്തിലും വിശ്വസിക്കുന്നില്ല. അങ്ങേയറ്റം സംയമനം പാലിച്ചാണ് സി.പി.എം മുന്നോട്ടു പോകുന്നത്. സി.പി.എം സംസ്ഥാന സമ്മേളന സമാപന വേദിയിൽ പ്രസംഗിക്കുകയായിരുന്നു കോടിയേരി.
ഇത് ദൗർബല്യമായി കാണരുതെന്നും കോടിയേരി മുന്നറിയിപ്പ് നൽകി. പാർടി പ്രവർത്തകൻമാരെ ബി ജെ പി, കോൺഗ്രസ്, എസ് ഡി പി ഐക്കാർ നിഷ്ഠുരമായി കൊലപ്പെടുത്തുകയാണ്. ന്യൂമാഹിയിലെ ഹരിദാസിനെ ആർ എസ് എസ് - ബി ജെ പി പ്രവർത്തകർ കാൽ വെട്ടിയെടുത്ത് അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കോടിയേരി ചൂണ്ടിക്കാണിച്ചു. സംസ്ഥാന സമ്മേളനത്തിൽ നയരേഖ അവതരിപ്പിച്ച് പാസാക്കിയത് ചരിത്ര സംഭവമാണ്.
Also Read: വർഗീയ ശക്തികൾക്കെതിരെ വിപുലമായ ക്യാമ്പയിൻ: കോടിയേരി ബാലകൃഷ്ണൻ
എല്ലാവരെയും തെരെഞ്ഞെടുത്തത് ഏക കണ്ഠമായാണ്. പാർട്ടിയെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ പാർട്ടിയായി മാറ്റുകയാണ് ലക്ഷ്യം. ഈ നാടിന്റെ രക്ഷ സി.പി.എമ്മിലാണെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ബി ജെ പിയെ പുറത്താക്കി മതേതരത്വം സംരക്ഷിക്കുന്ന സർക്കാറിനെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കുകയാണ് സി.പി.എം ലക്ഷ്യമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
പാർലമെന്റ് തെരെഞ്ഞടുപ്പിൽ കേരളത്തിലെ 20 സീറ്റുകളും ഇടതുമുന്നണിക്ക് നൽകി ബി ജെ പിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ സഹായിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.