എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിലെ പ്രധിഷേധ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ മർദനമേറ്റ് മരിച്ച ട്വന്‍റി 20 പ്രവർത്തകൻ സി.കെ ദീപുവിന്‍റെ മരണത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ അബ്‌ദുല്‍ റഹ്മാൻ, അസീസ്, സൈനുദീൻ, ബഷീർ എന്നിവരെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
അതേസമയം ദീപുവിന്‍റെ കൊലപാതകം ആസൂത്രിതമാണന്നും, കുന്നത്ത് നാട് എം.എൽ.എ പി.വി ശ്രീനിജനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും ട്വന്‍റി 20 ആവശ്യപ്പെട്ടു.
ദീപുവിന്‍റെ പോസ്റ്റുമോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജില്‍ തുടങ്ങി. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരവും ഇന്ന് തന്നെ നടക്കും. കിഴക്കമ്പലത്തെ വിളക്കണക്കൽ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ദീപു വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് മരണപ്പെട്ടത്. (18.02.2022)
കഴിഞ്ഞ ശനിയാഴ്‌ച രാത്രി മർദനമേറ്റ ദ്വീപുവിന്‍റെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കിയ ദീപുവിനെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തിൽ ജീവൻ നിലനിർത്തിയിരുന്ന ദീപുവിന്‍റെ ആരോഗ്യനിലയിൽ കാര്യമായി പുരോഗതിയില്ലായിരുന്നു.
സ്ട്രീറ്റ് ലൈറ്റ് പദ്ധതിയെ എംഎൽഎ പിവി ശ്രിനിജന്‍ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച്, ട്വന്‍റി ട്വന്‍റി തങ്ങള്‍ ഭരിക്കുന്ന നാല് പഞ്ചായത്തുകളിൽ വിളക്കണച്ച് പ്രതിഷേധിച്ചിരുന്നു. വിളക്കണക്കൽ സമരത്തിന്‍റെ സംഘാടകൻ കൂടിയായിരുന്നു ദീപു.
Also Read: 'പിവി ശ്രീനിജിൻ ഒന്നാം പ്രതി', സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി സാബു എം ജേക്കബ്