എറണാകുളം: ഐഷാ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഐ. ലക്ഷദ്വീപ് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയ ഐഷാ സുൽത്താനയ്ക്ക് നിയമ സഹായം നൽകുമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങൾക്ക് നിയമ സഹായം നൽകുന്നതിന് നിയമ സഹായ വേദി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.
ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്ത് കൊണ്ടിരിക്കുകയാണ്. അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധമായ പരിഷ്ക്കാരങ്ങൾ എതിർക്കുന്നവർക്കെതിരെയാണ് കേസ് എടുക്കുന്നത്. അതിന്‍റെ പ്രധാനപ്പെട്ട തെളിവാണ് ഐഷ സുൽത്താനക്ക് എതിരായ കേസ്.
ഇത്തരം കേസുകളിൽ ലക്ഷദ്വീപിലെ ജനങ്ങളെ സഹായിക്കാൻ നിയമ സഹായ വേദി വേണമെന്ന അഭിപ്രായം ഉയർന്നു വന്ന സാഹചര്യത്തിലാണ് പാർട്ടി ജില്ലാ കൗൺസിൽ മുൻകയ്യെടുത്ത് നിയമ സഹായ വേദി രൂപീകരിച്ചത്. ഐഷ സുൽത്താന തയ്യാറാണെങ്കിൽ അവരുടെ കേസ് ഏറ്റെടുത്ത് തന്നെ നിയമ സഹായ വേദി പ്രവർത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാന്‍റെ നേതൃത്വത്തിൽ ഹൈക്കോടതി അഭിഭാഷകരായ പതിനാല് പേർ സമിതിയുടെ ഭാഗമാണ്. ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് എല്ലാവിധ നിയമ സഹായവും നൽകുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു.