എറണാകുളം: ജില്ലയിലെ പട്ടികവർഗ കോളനികളിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെയ്‌പ് ആരംഭിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലുള്ള പതിനേഴ് ആദിവാസി ഊരുകളിലാണ് വാക്‌സിനേഷൻ പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ കോളനികളിലെ മുഴുവൻ ആളുകൾക്കും വാക്‌സിൻ്റെ ആദ്യ ഡോസ് നൽകാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം.
Also Read: 'കൊവിഡിനെ നേരിടുമ്പോള്‍ കാലാവസ്ഥ വ്യതിയാനം കാണാതെ പോകരുത്': മോദി
ഊരുകളിലെ പതിനെട്ട് വയസിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകും. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ച് ഊരുകളിൽ ഉള്ളവർക്കാണ് കൊവിഷീൽഡിൻ്റെ ആദ്യ ഡോസ് നൽകുന്നത്. മെയ് 28 വരെ ഊരുകളിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ തുടരും. പതിനെട്ട് വയസിനു മുകളിലുളള മൂവായിരത്തോളം പേർ ഊരുകളിലുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആരോഗ്യ വകുപ്പിൻ്റെ ഏഴംഗ സംഘം, പഞ്ചായത്ത്, വനം വകുപ്പ് ജീവനക്കാരും ഉൾപ്പെടുന്ന സംഘം എന്നിവരാണ് ഊരുകളിലെ വാക്‌സിനേഷൻ പ്രക്രിയയിൽ പങ്കാളികളായത്.
Also Read: പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില; വിലനിയന്ത്രണം ഉറപ്പാക്കാൻ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന
ഓരോ പ്രദേശത്തും താത്കാലിക വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരുന്നു. സാധാരണ കൊവിഡ് വാക്‌സിൻ നൽകുന്നതിൻ്റെ മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച് തന്നെയാണ് ഊരുകളിലും വാക്‌സിൻ നൽകുന്നത്. വാക്‌സിൻ സ്വീകരിച്ച് കഴിയുന്നവരെ അരമണിക്കൂർ നിരീക്ഷണത്തിന് വിധേയരാക്കും. ആരോഗ്യ പ്രശ്‌നങ്ങൾ കാണിക്കുന്നവർക്കായി സംഘത്തിലുള്ള ഡോക്‌ടറുടെ സേവനവും, കൂടുതൽ ആരോഗ്യ പ്രശ്‌നമുള്ളവരെ ആശുപത്രിയിലെത്തിക്കാൻ വാഹന സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. ഊരുകളിലേക്ക് എത്തിച്ചേരാനുള്ള ഏക മാർഗമായ പൂയംകുട്ടി പുഴയിലെ ബ്ലാവന കടത്ത് വഴിയാണ് ഉദ്യോഗസ്ഥരും വാഹനവും ഈ പ്രദേശത്ത് എത്തിയത്.