എറണാകുളം: എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് ഏഴിന് അബുദബിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കൊച്ചിയിലെത്തിയ യാത്രക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ യുവാവിനെ രോഗലക്ഷണങ്ങളെ തുടർന്ന് അന്ന് തന്നെ കളമശ്ശേരിയിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായി. മാർച്ച് ഒൻപതിനും ഏപ്രിൽ നാലിനും ഇടയിൽ 25 പേർക്ക് ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. മെയ് ഒന്നിനാണ് ജില്ല കൊവിഡ് മുക്തമായത്. ഇതിനു ശേഷം ചെന്നൈയിൽ നിന്നെത്തിയ വനിതയ്ക്ക് വെള്ളിയാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ജില്ലയിൽ ശനിയാഴ്‌ച 556 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1284 ആയി. ശനിയാഴ്‌ച മൂന്ന് പേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. ഇന്ന് ലഭിച്ച 53 പരിശോധനാ ഫലങ്ങളിൽ ഒരണ്ണം മാത്രമാണ് പോസിറ്റീവായത്. ഇനി 47 പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ജില്ലയിലെ കൊവിഡ് കെയർ സെന്‍ററായ തൃപ്പൂണിത്തുറ ആയുർവേദ കോളജ്, രാജഗിരി കോളജ് ഹോസ്റ്റൽ, കളമശ്ശേരി സി.എം.എസ്.കോളജ് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 389 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ 20 പേരും നിരിക്ഷണത്തിൽ കഴിയുന്നുണ്ട്.